ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിലേക്ക് 60 ഫസ്റ്റ് റെസ്‌പോണ്ടർ മൊബൈൽ ആംബുലൻസുകൾ സംഭാവനയായി നൽകുന്നു. 150 സിസിയും അതിനുമുകളിലും എൻജിൻ ശേഷിയുള്ള ഹീറോ മോട്ടോകോർപ്പ് മോട്ടോർസൈക്കിളുകളാണ് മൊബൈൽ ആംബുലൻസുകൾക്കായി ഉപയോഗിക്കുന്നത്.
ആവശ്യമായ എല്ലാ അടിയന്തര ഉപകരണങ്ങളും മെഡിക്കൽ കിറ്റുകളും ഈ മോട്ടോർ സൈക്കിളുകളിൽ ഒരുക്കിയിട്ടുണ്ട്. ഉറങ്ങാനുള്ള ക്രമീകരണങ്ങൾ, അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾ, ഓക്‌സിജൻ സിലിണ്ടർ, പ്രഥമ ശുശ്രൂഷ കിറ്റ്, ഫയർ എക്സ്റ്റിംഗ്യൂഷർ, ഒരു സൈറൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ രോഗികളിലേക്ക് എത്തിച്ചേരുക എന്നതാണ് ഈ മൊബൈൽ ആംബുലൻസിന്റെ ലക്ഷ്യം. ഹീറോ മോട്ടോകോർപ്പിൽ നിന്നുള്ള ഇരുചക്ര വാഹന ആംബുലൻസിന് രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് എത്തിക്കാനും കഴിയും.ഇതുകൂടാതെ ഹീറോ ഗ്രൂപ്പ് ഇന്ത്യയിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് 100 കോടി രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്.