കൊല്ലം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ (ആർ.പി.എൽ) ലിമിറ്റഡിലെ തൊഴിലാളികൾക്ക് ശമ്പളം നൽകാൻ 5 കോടി രൂപ സർക്കാർ അനുവദിച്ചു. കൊവിഡ് മൂലം തെഴിലാളികളുടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ 60 ശതമാനവും ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 30 ശതമാവും മാത്രമേ വിതരണം ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞിരുന്നുള്ളൂ. തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി സി.ഐ.ടി.യു ജില്ലാ കമ്മിറ്റി സർക്കാരിനെ ധരിപ്പിച്ചിരുന്നു. തുടർന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ വിഷയത്തിൽ ഇടപെടുകയും തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളം നൽകാനായി ബിവറേജസ് കോർപ്പറേഷനിൽ നിന്ന് 5 കോടി രൂപ വായ്പയെടുക്കുകയായിരുന്നു. ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലായ വൻ കിട, ചെറുകിട തോട്ടം തൊഴിലാളികൾക്ക് ആയിരം രൂപ വീതം ഇടക്കാലാശ്വാസമായി നൽകാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ശമ്പളം മുടങ്ങിയ തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ 5 കോടി രൂപ അനുവദിച്ച സർക്കാർ തീരുമാനത്തെ സംയുക്ത ട്രേഡ് യൂണിയനുകൾ അഭിനന്ദിച്ചു.