കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ ഇരിക്കുന്നവരെ വായിപ്പിക്കാൻ ശ്രമിക്കുകയാണ് കരുനാഗപ്പള്ളി താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകർ. വായനാശീലം വളർത്തുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശിവനും സെക്രട്ടറി വി. വിജയകുമാറും പറഞ്ഞു. വായനയുടെ വസന്തം തീർക്കാനായി പുസ്തക വണ്ടികളും തയ്യാറായി. താലൂക്കിൽ നൂറോളം ഗ്രന്ഥശാലകളാണ് പ്രവർത്തിക്കുന്നത്. വീടുകളിൽ കഴിയുന്നവർ ആവശ്യപ്പെടുന്നതനുസരിച്ചാണ് പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുന്നത്. വിവിധ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ ഇരുചക്ര വാഹനങ്ങളിൽ രണ്ടു പ്രവർത്തകരടങ്ങിയ പുസ്തകവണ്ടികളും കൂടാതെ ലൈബ്രേറിയൻമാരുമാണ് വീടുകൾ തോറും കയറിയിറങ്ങി പുസ്തകങ്ങൾ നൽകുന്നത്. ഗ്രന്ഥശാലകളിൽ അംഗത്വം ഇല്ലാത്തവർക്കും പുസ്തകങ്ങൾ നൽകുമെന്ന് ഗ്രന്ഥശാലാ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് സാമൂഹ്യ അകലം പാലിച്ചാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ലോക്ക് ഡൗണിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും പുസ്തകങ്ങൾ എത്തിക്കുന്നുണ്ട്. എം.ടി, മാധവിക്കുട്ടി, എസ്.കെ പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീർ, കെ.ആർ. മീര, പെരുമ്പടവം, എം. മുകുന്ദൻ, ഒ.എൻ.വി, കെ.പി. അപ്പൻ തുടങ്ങിയ സാഹിത്യകാരൻമാരുടെ സൃഷ്ടികൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. പുരാണ ഗ്രന്ഥങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്.