കൊല്ലം: ലോക് ഡൗൺ കാലത്ത് ഒരു പിതാവ് അനുഭവത്തിന്റെ വെളിച്ചത്തിൽ പൊലീസിന്റെ നന്മയുടെ മുഖം ഫേസ്ബുക്കിൽ കുറിച്ചത് വൈറലായി. ഫാക്ടിന്റെ സീനിയർ സേഫ്ടി മാനേജരായ ചെങ്ങന്നൂർ സ്വദേശി ജയകുമാർ ഗോപിനാഥൻ പിള്ളയാണ് ലോക് ഡൗൺ യാത്രയുടെ അനുഭവം പങ്കിട്ടത്. അതിങ്ങനെ:
"ഇന്ന് ലോക് ഡൗൺ . പക്ഷേ മകളുടെ പഠനവുമായി ബന്ധപ്പെട്ട് ഒഴിവാക്കാൻ കഴിയാത്ത ഒരാവശ്യവുമായി തൃശൂർ വരെ പോകേണ്ടി വന്നു . നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നതു കൊണ്ട് ഏലൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീ മനോജ് സാറിൽ നിന്നും യാത്രാനുമതി പത്രം വാങ്ങിയിരുന്നതു കൊണ്ട് വലിയ ടെൻഷൻ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ഇത്രയും നീണ്ട ഒരു യാത്ര കടകളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒട്ടും അനുയോജ്യമല്ലെന്ന തോന്നൽ മനസ്സിനെ മഥിച്ചിരുന്നു .
അങ്ങോട്ടുള്ള യാത്രയിൽ ഏകദേശം അഞ്ചു സ്ഥലങ്ങളിലായി പൊലീസ് പരിശോധനക്ക് വിധേയനാകേണ്ടി വന്നു . പക്ഷെ കാര്യം വിശദമാക്കിയപ്പോൾ അവരെല്ലാം തന്നെ വളരെ വിനയത്തോടെ തന്നെ പോകാനനുവദിച്ചു. ആവശ്യമെല്ലാം തീർത്ത് മടക്ക യാത്ര ആരംഭിച്ചപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു . തൃശൂർ ടൗണിൽ പരിശോധനയുണ്ടായി . പക്ഷേ മടക്ക യാത്ര മനസ്സിൽ വേദനയുണർത്തുന്നതായിരുന്നു . ദേശീയ പാത വളരെ വിജനമായിരുന്നു .. അപൂർവം വാഹനങ്ങൾ കടന്നു പോകുന്നു ..കൂടുതലും ചരക്കു വാഹനങ്ങൾ.
കാൽനടയാത്രക്കാർ ആരും തന്നെയില്ലെന്ന് പറയാം .വഴിയോരങ്ങളിലുള്ള കടകൾ എല്ലാം തന്നെ നിശ്ചലം .. വൈദ്യുത ദീപങ്ങൾ പോലും അപൂർവ്വം . ഒരു ശ്മശാന മരു ഭൂവിലൂടെ ഡ്രൈവ് ചെയ്യുന്നതു പോലെ ....നമ്മുടെ രാജ്യത്തിന്റെ മൃതപ്രായമായ അവസ്ഥ കണ്ടപ്പോൾ മനസ്സ് ശരിക്കും നോവറിഞ്ഞു. വാഹനം കറുകുറ്റിയോടടുക്കുന്നു . മുൻപിൽ പോയിക്കൊണ്ടിരുന്ന ചരക്കുലോറി പെട്ടെന്ന് വേഗത കുറച്ച് വശത്തേക്ക് ഒതുക്കുന്നു . എന്താണ് സംഭവിച്ചത് എന്ന് നോക്കിയപ്പോൾ മുൻപിൽ ചുവന്ന ലൈറ്റും കൈയ്യിൽ പിടിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടുത്തേക്ക് വരുന്നു.
ചോദ്യം എന്തായിരിക്കുമെന്ന് അറിയാവുന്നതു കൊണ്ട് ചില്ലു താഴ്ത്തി പേപ്പർ നീട്ടി.... പക്ഷേ ആ ഉദ്യോഗസ്ഥന്റെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു ..." സാർ ഭക്ഷണം കഴിച്ചോ? " ഇങ്ങനെയൊരു ചോദ്യം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ...." വേണ്ട ..ഞങ്ങൾ കഴിച്ചതാണ് " എന്റെ മറുപടി .." എങ്കിൽ പൊയ്ക്കോളൂ " ..എന്റെ മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത് സന്തോഷവും അതിൽക്കൂടുതൽ അഭിമാനവുമായിരുന്നു . അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ആ ക്സിലറേറ്ററിലേക്ക് കാലമർത്തി . വെപ്രാളത്തിനിടയിൽ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല .
തല്ലിയോടിക്കുന്ന പൊലീസും ഏത്തമിടീക്കുന്ന പൊലീസും വാർത്തകളിൽ നിറയുമ്പോൾ ഞാനവരെ അഭിനന്ദിക്കുന്ന കൂട്ടത്തിലാണ് . പക്ഷേ ഇന്നത്തെ അനുഭവ ത്തിന് എന്തു പറഞ്ഞാലാണ് പര്യാപ്തമാകുക എന്നറിയില്ല ... എല്ലാ പോലീസ് സഹോദരന്മാരെയും അഭിനന്ദിക്കുന്നു . വണ്ടി വീട്ടിലെത്തി കിലോമീറ്റർ നോക്കിയപ്പോൾ 80 കി.മീ .. ഇത്രയും ദൂരം താണ്ടാനെടുത്ത സമയം 72 മിനിട്ട് മാത്രം ... അതും അനുവദനീയമായ വേഗപരിധി പാലിച്ചു കൊണ്ട്. ഏറ്റവും തിരക്കേറിയ പാലിയേക്കര ടോൾ ബൂത്ത് ഉൾപ്പെടുന്ന തൃശൂർ ഇടപ്പള്ളി ദേശിയ പാതയുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാൻ ഇവിടെ പരാമർശിച്ചു എന്നു മാത്രം ..പഴയ കാലം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം ....
കൂട്ടത്തിൽ ഒരു കാര്യം കൂടി പറയട്ടെ. എന്റെ സഹപ്രവർത്തകനായ വേണു ഗോപാൽ ലോക് ഡൗൺ കാലത്ത് കമ്പനിയിലേക്ക് വരുമ്പോൾ എന്നും രാവിലെ അഞ്ചു ഭക്ഷണപ്പൊതികൾ കരുതാറുണ്ട്. അത് കർമ്മനിരതരായ പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് വേണ്ടിയാണ് അദ്ദേഹം കൊണ്ടുവരുന്നത്. അതും നന്മയുടെ മറ്റൊരു മുഖം."