കൊല്ലം: കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്ക്, സ്വർണവർണത്തിലുള്ള വെള്ളരി, പീതവർണത്തിൽ വിടർന്ന കൊന്നപ്പൂക്കുല. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കടയ്ക്കൽ സ്വദേശിനിയായ യുവതി നാടിനൊപ്പം ഐശ്വര്യ സമ്പന്നമായ നല്ല നാളേയ്ക്കായുള്ള വിഷുക്കാഴ്ച കണ്ടാണ് ഉണർന്നത്.
യുവതി ആശുപത്രി അധികൃതരോട് വിഷുക്കണി കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ സൂപ്രണ്ട് അടക്കമുള്ള ഡോക്ടർമാരും നഴ്സുമാരും ശുചീകരണ തൊഴിലാളികളും സുരക്ഷാ ജീവനക്കാരും ചേർന്ന് വിഷുക്കാഴ്ച ഒരുക്കുകയായിരുന്നു. ട്രോളിയിൽ സജ്ജമാക്കിയ വിഷുക്കാഴ്ച കൊവിഡ് വാർഡിൽ എത്തിച്ച ശേഷം യുവതിയെ വിളിച്ചുണർത്തി കണി കാണിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ യുവതിയുടെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവാണെന്ന ഫലവും വന്നു. കൊവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർക്കും രാവിലെ വിളിച്ചുണർത്തി വിഷുക്കണി ദർശനം നൽകി.