ജോലിക്കെത്തുന്നത് 15 ശതമാനം ജീവനക്കാർ
കൊല്ലം: അവശ്യ സർവീസായിട്ടും കൊല്ലം കോർപ്പറേഷനിലെ ബഹുഭൂരിപക്ഷം ജീവനക്കാരും സുഖവാസത്തിൽ. 50 ശതമാനം ജീവനക്കാരെങ്കിലും ഓഫീസിൽ വരണമെന്നിരിക്കെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ആരോഗ്യ വിഭാഗത്തിലുള്ളവർ മാത്രമാണ് ജോലിക്കെത്തുന്നത്.
എൻജിനിയറിംഗ് വിഭാഗം നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസങ്ങളിൽ രണ്ടോ മൂന്നോ ഉദ്യോഗസ്ഥരെത്തി ബില്ലുകൾ തയ്യാറാക്കിയതൊഴിച്ചാൽ ആരും പിന്നീട് നഗരസഭയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഓഫീസിലേക്ക് വരാത്തവർ ഫയലുകൾ വീട്ടിൽ കൊണ്ടുപോയി പരിശോധിക്കണമെന്ന നിർദ്ദേശവും പാലിക്കുന്നില്ല. ഓഫീസിൽ 50 ശതമാനം ഹാജർ ഉറപ്പാക്കാനും എത്താത്തവർക്കെതിരെ നടപടിയെടുക്കാനും നഗരസഭാ അധികൃതരും തയ്യാറാകുന്നില്ല.
തിരിഞ്ഞുനോക്കാൻ സൗകര്യമില്ല
നഗരസഭാ കാര്യാലയത്തിലും സോണൽ ഓഫീസുകളിലുമായി ഏകദേശം 450 ഓളം ജീവനക്കാരുണ്ട്. ഇതിൽ ആരോഗ്യ വിഭാഗത്തിലെ 80 ഓളം ജീവനക്കാർ മാത്രമാണ് സ്ഥിരമായി ജോലിക്കെത്തുന്നത്. സമീപ പ്രദേങ്ങളിൽ താമസിക്കുന്ന മറ്റ് വിഭാഗം ജീവനക്കാർ ഓഫീസിലേക്ക് തിരിഞ്ഞുനോക്കാതിരിക്കുമ്പോൾ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ദിവസങ്ങളായി നഗരസഭയുടെ ഷീ ലോഡ്ജ് അടക്കമുള്ള സ്ഥലങ്ങളിൽ തങ്ങുകയാണ്.
ശുചീകരണ തൊഴിലാളികൾ പാചകത്തിൽ
കൊവിഡ് മാറുമ്പോൾ മറ്റേതെങ്കിലും പകർച്ചവ്യാധി പടരാനുള്ള സാദ്ധ്യത വർദ്ധിപ്പിച്ച് നഗരസഭയുടെ ശുചീകരണ പ്രവർത്തനം പാളുന്നു. ശുചീകരണ തൊഴിലാളികളിൽ വലിയൊരു വിഭാഗത്തെ ലോക്ക് ഡൗണിന്റെ ഭാഗമായി ആരംഭിച്ച സാമൂഹിക അടുക്കളകളിലും ജനകീയ ഹോട്ടലുകളിലും പാചകക്കാരായി നിയോഗിച്ചിരിക്കുകയാണ്.
എല്ലാവർഷവും ഏപ്രിൽ ആദ്യം മഴക്കാല ശുചീകരണം ആരംഭിക്കുന്നതാണ്. എന്നാൽ ഇപ്പോൾ വിരലിലെണ്ണാവുന്ന ജീവനക്കാരെ മാത്രമാണ് ശുചീകരണത്തിന് നിയോഗിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ മറയാക്കി തള്ളിയ കോഴിവേസ്റ്റ് അടക്കമുള്ള മാലിന്യം നഗരത്തിന്റെ മുക്കിലും മൂലയിലും ചീഞ്ഞ് നാറുകയാണ്.
നഗരസഭയുടെ കീഴിൽ 450 ഓളം ജീവനക്കാർ
ഹാജരാകുന്നത് 80 ഓളം പേർ മാത്രം