പെടാപ്പാടിൽ താത്കാലിക ജീവനക്കാർ
കൊല്ലം: തൊഴിൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ച് സപ്ലൈകോയിലെ താത്കാലിക ജീവനക്കാർക്ക് അടിമപ്പണി. ലോക്ക് ഡൗൺ ആരംഭിച്ച ശേഷം ഇടവേള പോലുമില്ലാതെ എല്ലാദിവസവും 12 മണിക്കൂർ ജോലി ചെയ്യിക്കുകയാണ് ഇവർ.
നേരത്തെ രാവിലെ 9.30നാണ് ജോലി ആരംഭിച്ചിരുന്നത്. ഒരു മണി മുതൽ രണ്ടര വരെ വിശ്രസമയം. രാത്രി ഏഴരയ്ക്ക് ജോലി അവസാനിക്കും. ഇപ്പോൾ സപ്ലൈകോയുടെ സൗജന്യ കിറ്റുകൾ തയ്യാറാക്കാൻ രാവിലെ 8ന് എത്തുന്ന ജീവനക്കാർ രാത്രി 8നാണ് മടങ്ങുന്നത്. ജില്ലയിൽ ആകെയുള്ള 450 ഓളം താത്കാലിക ജീവനക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലുമില്ല. വരുമ്പോഴും മടങ്ങുമ്പോഴും പൊലീസുകാരുടെ ഭീഷണിയും കേൾക്കണം. 12 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് വരുന്നവരുണ്ട്. പലരും കടയടച്ച് വീട്ടിലെത്തുമ്പോൾ രാത്രി 10 ആകും.
കൂടുതലും സ്ത്രീകൾ
ദിവസന വേതനക്കാരും ഔട്ട്ലെറ്റുകളിലെ സ്ഥരം ജീവനക്കാരും 90 ശതമാനവും സ്ത്രീകളാണ്. യാത്രാ സൗകര്യമില്ലാത്തതിനാൽ ബുദ്ധിമുട്ടിയാണ് എത്തുന്നത്. സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭിക്കുന്നില്ല. വിഷു, ഈസ്റ്റർ, ദുഃഖവെള്ളി, അവധി ദിവസങ്ങളിൽ പോലും അവധി ഇല്ലായിരുന്നു.