thirak
ലോക്ക് ഡൗൺ നിയന്ത്രങ്ങൾ അവഗണിച്ചു നിരത്തിൽ ഇറങ്ങിയവർ ചിന്നക്കടയിൽ സൃഷ്‌ടിച്ച തിരക്ക്

കൊല്ലം: കൊവിഡ് 19 പ്രതിരോധത്തിനായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദേശങ്ങളാകെ അവഗണിച്ച് ജനം തുടർച്ചയായി തെരുവിലിറങ്ങുന്നു. കൈക്കുഞ്ഞുങ്ങളെ അടക്കം ഒപ്പംകൂട്ടി കാഴ്ച കാണാൻ ഇറങ്ങുന്നവർ സത്യവാങ്മൂലം പൂരിപ്പിച്ച് കൈയ്യിൽ കരുതുന്നതിനാൽ നടപടി സ്വീകരിക്കാൻ പൊലീസിനുമാകുന്നില്ല. ആശുപത്രി, സൂപ്പർ മാർക്കറ്റ്, പച്ചക്കറി കട തുടങ്ങി ന്യായമായ കാരണങ്ങൾ സത്യവാങ്മൂലത്തിൽ എഴുതിയാണ് മിക്കവരും പുറത്തിറങ്ങുന്നത്. ലോക്ക് ഡൗൺ നീട്ടിയതിനെ അംഗീകരിക്കാൻ കഴിയാത്ത മാനസികാവസ്ഥയാണ് ഇത്തരത്തിൽ നിരത്തിലിറങ്ങുന്ന പലർക്കും.

സാമൂഹിക അകലം പാലിക്കുക മാത്രമാണ് കൊറോണയ്ക്കെതിരായ പ്രതിരോധമെന്നിരിക്കെ അതിനെ മാനിക്കാത്ത തിരക്കാണ് പ്രധാന ജംഗ്ഷനുകളിലും നിരത്തിലുമുണ്ടാകുന്നത്. ആഡംബര കാറുകൾ, ഓട്ടോറിക്ഷകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവയെല്ലാം നിരത്തിലുണ്ട്.

പെൻഷൻ വിതരണം തുടങ്ങിയതോടെ ബാങ്കുകളിലെ തിരക്കും എല്ലാ നിയന്ത്രണങ്ങളും ഭേദിക്കുകയാണ്. ടോക്കൺ നൽകി പലരെയും മടക്കി അയയ്ക്കുന്നുണ്ടെങ്കിലും ബാങ്കുകൾക്ക് മുന്നിലെ തിരക്കിന് കുറവില്ല. വയോജനങ്ങളാണ് ബാങ്കുകളിൽ എത്തുന്നവരിൽ കൂടുതൽ. അതിനാൽ ഒരു പരിധിക്ക് അപ്പുറത്തേക്ക് ഇടപെടാൻ പൊലീസിനും കഴിയുന്നില്ല.

പാചക വാതക സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ പ്രത്യേക ഇടപെടൽ നടക്കുന്നുണ്ടെന്നാണ് സർക്കാർ നിലപാട്. പക്ഷേ കാറിലും ഇരുചക്രവാഹനങ്ങളിലും ഗ്യാസ് സിലിണ്ടർ കെട്ടിവച്ച് പോകുന്നവരുടെ എണ്ണം കൂടുതലാണ്. കർശനമായ ഇടപെടലോടെ നിരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം താളം തെറ്റുമെന്നുറപ്പാണ്.

 പൊലീസ് പരിശോധന ശക്തമാണ്, പക്ഷേ ...

നിരത്തിൽ തിരക്ക് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന ശക്തമാണ്. പക്ഷേ യാത്രികരെല്ലാം സത്യവാങ്മൂലം അല്ലെങ്കിൽ മറ്റ് രേഖകളുമായാണ് വരുന്നത്. ഇവരെ തിരിച്ചയ്ക്കാൻ കഴിയുന്നില്ല. യാത്രയുടെ ആവശ്യത്തെ കുറിച്ച് ചോദിക്കുന്ന ഉദ്യോഗസ്ഥരോട് സ്ത്രീകൾ അടക്കമുള്ളവർ തട്ടിക്കയറുന്നതും പതിവായി. നിയന്ത്രണങ്ങൾ കടുപ്പിച്ചില്ലെങ്കിൽ ലോക്ക് ഡൗണിന്റെ എല്ലാ നേട്ടങ്ങളും ഇല്ലാതാകും.