ശാസ്താംകോട്ട: ലോക്ക് ഡൗണിൽ ഇനി മുതൽ ജൈവ പച്ചക്കറികൾ ആവശ്യക്കാരുടെ വീടുകളിലെത്തും. ശാസ്താംകോട്ട പഞ്ചായത്തിലെ ജീവനി പദ്ധതിയുടെ ഭാഗമായി മുതുപിലാക്കാട് ഫാമിലെ മൂന്ന് ഏക്കറിൽ കൃഷി ഭവൻ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. ലോക്ക് ഡൗണിൽ വിപണികൾ സജീവമല്ലാത്തതിനാൽ യുവകർഷകനായ മനോജിന്റെയും സുഹൃത്തായ അനിലിന്റെയും നേതൃത്വത്തിൽ ജീവനി, സഞ്ജീവനി വിപണന കേന്ദ്രത്തിന്റെ ഭാഗമായി ഹോം ഡെലിവറി ആരംഭിച്ചു. വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് സാമൂഹിക അടുക്കളയിലേക്കാവശ്യമായ പച്ചക്കറി ഏറ്റുവാങ്ങി നിർവഹിച്ചു. വാർഡ് മെമ്പർ അനിയൻ, കൃഷി ഓഫീസർ ബിനിഷ തുടങ്ങിയവർ പങ്കെടുത്തു. പച്ചക്കറി ആവശ്യമുള്ളവർ 99468 57002 എന്ന നമ്പരിൽ ബന്ധപ്പെടണം.