ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ദുരിതത്തിലായത് സാധാരണക്കാരാണ്. ദിവസവേതനത്തിൽ പണി എടുക്കുന്നവർക്ക് ആവശ്യമായ സഹായങ്ങളുമായി സിനിമാ താരങ്ങളും രംഗത്തുണ്ട്. ഇപ്പോഴിതാ ഗായിക റിമി ടോമിയും നടൻ ജയസൂര്യയും ഭാര്യ സരിതയുമെല്ലാം സഹായങ്ങളുമായി എത്തിയിരിക്കുകയാണ്. പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ആണ് തങ്ങൾക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
.'' മനസ്സറിഞ്ഞ് മനുഷ്യരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്,, ഇപ്പോൾ മാത്രമല്ല എത്ര എത്ര സഹായങ്ങൾ എത്രയോ പേർക്ക് ചെയ്തിരിക്കുന്നു, വീട്, വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങൾ ചെയ്തിരിക്കുന്നു ആരോക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാൻ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട് ". രഞ്ജു കുറിച്ചു.
ജയസൂര്യയുടെ സഹായത്തെക്കുറിച്ചും രഞ്ജു രഞ്ജിമാർ എഴുതി. " ജയേട്ടന്‍.. പരിചയപ്പെട്ട നാളു മുതൽ വർഷങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ പറ്റില്ല. അന്നു മുതൽ ഇന്നുവരെ എന്ത് ആവശ്യവും അറിഞ്ഞ് പെരുമാറുന്ന ഒരു മനുഷ്യ സ്‌നേഹി. ഇന്നലെ ലോക്ക് ഡൗൺ നീട്ടുകയാണ് എന്നറിഞ്ഞപ്പോൾ സരിത ചേച്ചിയും ജയേട്ടനും മാറി മാറി വിളിച്ചു. എല്ലാവരുടേയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അക്കൗണ്ട് നമ്പർ ചോദിച്ചു, 50000 രൂപ ഇട്ടു തന്നു." ഇന്ന് അതിന് അരിയും മറ്റു സാധനങ്ങളും വാങ്ങി. രക്ഷാധികാരി ശീതൾ, പ്രസിഡന്റ് സൂര്യ, ട്രഷറർ അലീന, ജോയിന്റ് സെക്രട്ടറി തൃപ്തി, കാവ്യ, ഹരണി, ഇഷാൻ, അനു എല്ലാവരും ചേർന്ന് കിറ്റുകൾ തയ്യാറാക്കി കൊടുക്കാൻ കഴിഞ്ഞു''.
ഡ്രമ്മറും സംഗീത സംവിധായകനുമായ ലിനുലാൽ റിമി ടോമി നൽകിയ സഹായങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. 'കൊറോണ എന്ന മഹാവ്യാധി മൂലം ലോക ജനത മുഴുവൻ കഷ്ടത അനുഭവിക്കുന്ന ഈ സമയത്ത് മറ്റെല്ലാ മേഖലകളിലും ഉള്ളവരെ പോലെ കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗമാണ് കലാകാരന്മാർ. കലാകാരന്മാർക്കുള്ള സാമ്പത്തിക സഹായം അനുവദിച്ച സംസ്ഥാന ഗവൺമെന്റിന് നന്ദി പറയുകയാണ്. അതുപോലെ തന്നെ ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് കലാകാരന്മാർക്ക് നല്ലൊരു ധനസഹായം ചെയ്ത ആളാണ് റിമി ടോമി. ഈ ധനസഹായം ഒരുപാട് പേർക്ക് ആശ്വസം ആയിട്ടുണ്ട്. ഞാൻ ഇത് പറയാൻ കാരണം ഈ സഹായം ഞാൻ ആണ് എല്ലാവർക്കും എത്തിച്ച് കൊടുത്തത്. ആരോടും റിമിയുടെ പേര് പോലും പറയണ്ട എന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ ഒരാൾ മനസ് അറിഞ്ഞ് ഒരു നന്മ ചെയ്യുന്നത് എല്ലാവരും അറിയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. സഹജീവികളെ സഹായിക്കാൻ എല്ലാവർക്കും ഇതൊരു പ്രചോദനം ആവട്ടെ എന്ന് കരുതി''- ഇതായിരുന്നു ലിനുലാലിന്റെ പോസ്റ്റ്.