കൊല്ലം : ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന കരീപ്ര ശരണാലയത്തിന് പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പൂയപ്പള്ളി പൊലീസ് സ്റ്റേഷനും സംയുക്തമായി രണ്ടു ചാക്ക് അരിയും അവശ്യ സാധനങ്ങളും സമാഹരിച്ചു. ഇതിന് പുറമേ കേഡറ്റുകൾ 70 ഭക്ഷണപ്പൊതികളും തയ്യാറാക്കി. ഐ.ജി പി.പി. വിജയന്റെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാതെ അലയുന്നവർക്കായി നടപ്പാക്കി വരുന്ന 'ഒരു വയറൂട്ടാം, ഒരു വിശപ്പകറ്റാം' പദ്ധതിയുടെ ഭാഗമായാണ് അവശ്യ സാധനങ്ങൾ സമാഹരിച്ചത്. കരീപ്ര ശരണാലയത്തിൽ വച്ച് എ.ഡി.എൻ ഒ. രാജീവിന്റെയും പി.ടി.എ പ്രസിഡന്റ് എം.ബി. പ്രകാശിന്റെയും സാന്നിദ്ധ്യത്തിൽ സാധനങ്ങൾ നൽകി. പരിപാടിയിൽ പി.ടി.എ അംഗം ഗിരീഷ് റോയ്, സി.പി.ഒ മാരായ റാണി, ഗിരിജ എന്നിവർ പങ്കെടുത്തു.