കൊല്ലം: ഇന്നലെ കൊല്ലം കോർപ്പറേഷന്റെ ശക്തികുളങ്ങരയിലെ സാമൂഹിക അടുക്കളയിൽ നിന്നുള്ള പൊതിച്ചോറുകളിൽ സ്പെഷ്യലായി വിളമ്പിയത് ചാളക്കറിയും കപ്പയും. വറുതിക്കാലമായിരുന്നിട്ട് കൂടി വാടി തീരദേശത്തെ മത്സ്യത്തൊഴിലാളികൾ പെടയ്ക്കണ ചാളയുമായി എത്തിയതിനാലാണ് ഊണിന് മത്സ്യവിഭവം കൂടി വിളമ്പാൻ സാമൂഹിക അടുക്കളയിലെ സംഘാടകർക്കായത്.
തൊഴിലില്ലാതെ പട്ടിണിയോട് മല്ലിടുകയാണ് മത്സ്യത്തൊഴിലാളികൾ. എന്നിട്ടും എല്ലാവർക്കും വേണ്ടി അവർ കടൽ വിഭവങ്ങൾ എത്തിക്കാൻ മനസുകാട്ടിയതിനെ ഏവരും അഭിനന്ദിച്ചു. കോർപ്പറേഷൻ കൗൺസിലർ ഷീബാ ആന്റണിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ സാമൂഹിക അടുക്കളയിലേക്ക് മത്സ്യവുമായെത്തിയത്.
അഞ്ഞൂറ് പേർക്കുള്ള പൊതിച്ചോറാണ് ശക്തികുളങ്ങരയിലെ സാമൂഹിക അടുക്കളയിൽ ദിനവും തയ്യാറാക്കുന്നത്. ഇതിൽ മത്സ്യവിഭവങ്ങളും കപ്പ വേവിച്ചതും ചേർന്നപ്പോൾ പൊതിച്ചോറുണ്ടവർക്ക് രുചിമേളത്തിന്റെ ആശ്വാസമായി. അവിയലും തോരനും ചമ്മന്തിയും അച്ചാറും പുളിശേരിയും സാമ്പാറുമൊക്കെയായി ഓരോ ദിനങ്ങളിലും വിഭവ സമൃദ്ധമായ പൊതികളാണ് തയ്യാറാക്കി വിതരണം ചെയ്യുന്നത്.