ഓയൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിൽ മരുന്ന് വാങ്ങാനാവാതെ ബുദ്ധിമുട്ടിയ വയോധികന് തിരുവനന്തപുരത്ത് നിന്നും മുരുന്ന് വീട്ടിലെത്തിച്ച് നൽകി പൊലീസ് സേന മാതൃകയായി.
ഓയൂർ, വയലിക്കട സവിസ് ഭവനിൽ ഗോവിനാഥപിള്ളയ്ക്കാണ് (80) പൂയപ്പള്ളി ജനമൈത്രി പൊലീസ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മരുന്നെത്തിച്ച് നല്കിയത്. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള ഗോപിനാഥൻപിള്ളയും ഭാര്യ ചെമ്പകക്കുട്ടിയും തനിച്ചാണ് താമസം. ഇവരുടെ മൂന്ന് മക്കളും ദൂരസ്ഥലങ്ങളിൽ ജോലി ചെയ്തു വരുകയാണ്. തിരുവനന്തപുരം ഐ.എസ്.ആർ.ഒയിൽ ജോലിചെയ്യുന്ന മകൻ ആശുപത്രിയിലെത്തി മരുന്നുകൾ വാങ്ങി തുമ്പ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ കളക്ഷൻ കൗണ്ടർ വഴി പൂയപ്പള്ളി ജനമൈത്രി പൊലീസ് മരുന്ന് ഏറ്റുവാങ്ങി ഓയൂരിലുള്ള ഗോപിനാഥൻപിള്ളയുടെ വീട്ടിലെത്തിക്കുകയായിരുന്നു.