രോഗമുക്തരായി രണ്ട് പേർ ഇന്നലെ വീട്ടിലേക്ക് മടങ്ങി
ചാത്തന്നൂർ: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ ഇന്നലെ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചായി കുറഞ്ഞു. ഖത്തറിൽ നിന്നുവന്ന ഗർഭിണിയായ കടയ്ക്കൽ സ്വദേശിനിയും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഓയൂർ സ്വദേശിയായ യുവാവുമാണ് ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.
ഇട്ടിവ സ്വദേശിനിയായ യുവതിക്ക് ഈമാസം രണ്ടിനും ഓയൂർ സ്വദേശിക്ക് ഈമാസം ആറിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ രണ്ടുപേരെയും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹബീബ് നസീം, പ്രിൻസിപ്പൽ സാറ വർഗീസ്, പി.ആർ.ഒ അരുൺകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാർ യാത്രയാക്കി. ഇതോടെ ജില്ലയിൽ കോവിഡ് മുക്തരായവരുടെ എണ്ണം മൂന്നായി. നേരത്തെ പ്രാക്കുളം സ്വദേശിയായ പ്രവാസി രോഗമുക്തനായിരുന്നു.
പ്രവാസികൾക്ക് ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു
ചാത്തന്നൂർ: ജില്ലയിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു തുടങ്ങി. പ്രാരംഭ ഘട്ടത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഉപയോഗമില്ലാതെ കിടന്ന ബിൽഡിംഗുകൾ എല്ലാം വാർഡുകളാക്കി മാറ്റി. ഇപ്പോൾ എടുത്ത കെട്ടിടങ്ങൾ കൂടാതെ ഒഴിഞ്ഞു കിടക്കുന്ന ഹോട്ടലുകൾ, വീടുകൾ, ഓഡിറ്റോറിയങ്ങൾ, മറ്റ് കെട്ടിടങ്ങൾ തുടങ്ങിയവയാണ് ഐസൊലേഷൻ വാർഡുകളാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ എത്തുന്ന ഓരോ പ്രവാസികളെയും ഒരു മുറിയിൽ ഒരാൾ എന്ന ക്രമത്തിലും പിന്നീട് കൂടുതൽ പേർ വന്നാൽ ഒരു മുറിയിൽ മൂന്ന് പേർ എന്ന ക്രമത്തിലും താമസിപ്പിച്ച് നീരീക്ഷിക്കേണ്ടി വരും. കൂടുതൽ ഡോക്ടർമാരുടെയും നഴ്സ്‌മാരുടെ സേവനവും ലഭ്യമാക്കും.