cheemen
ദേശീയപാതയിൽ ചാത്തന്നൂരിൽ പിടികൂടിയ ചെമ്മീൻ കുഴിവെട്ടി മൂടുന്നു

 ഏജന്റ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം ഫോർമാലിൻ കലർത്തിയതും പഴകിയതുമായ 3,270 കിലോ ചെമ്മീൻ ചാത്തന്നൂർ പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്ന് കൊണ്ടുവന്ന ചെമ്മീൻ എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇറക്കിയ ശേഷം ഇന്നലെ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, ആലംകോട്, നെടുമങ്ങാട് തുടങ്ങിയ ഭാഗങ്ങളിലെ ചില്ലറ വില്പനക്കാർക്ക് നൽകുന്നതിനായി കൊണ്ടുവരികയായിരുന്നു.

ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ പൊലീസിനെ കണ്ടതോടെ തിരിച്ച് ആലപ്പുഴയിലേക്ക് കൊണ്ടുപോകും വഴിയാണ് രാവിലെ പത്ത് മണിയോടെ പോസ്റ്റ്‌ ഓഫിസ് ജംഗ്ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന ചാത്തന്നൂർ എ.സി.പിയും സംഘവും മത്സ്യം പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എത്തി ലോറിയുടെ ഫ്രീസർ തുറന്നതോടെ പ്രദേശത്ത് അസഹനീയമായ ദുർഗന്ധം വമിച്ചു. സാമ്പിൾ പരിശോധനയിൽ ഫോർമാലിൻ കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ കുഴിവെട്ടി മൂടി.

ലോറി ഡ്രൈവർ നെല്ലൂർ സ്വദേശി ഹമീദ് ഹസൻ (37), കേരളത്തിലെ ഏജന്റ് ആലപ്പുഴ സ്വദേശി നിയാസ് (36) എന്നിവരുടെ പേരിലും വാഹന ഉടമയ്ക്കെതിരെയും ചാത്തന്നൂർ പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരും കേസെടുത്തു. ചാത്തന്നൂർ എ.സി.പി ജോർജ്ജ് കോശി, ഇൻസ്പെപെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐ സരിൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ എസ്. മാനസ, ചിത്രമുരളി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.