photo
പെരുംകുളം കരുതൽ സംഘടനാ പ്രവർത്തകർ പതിനായിരം രൂപ ഉഷയുടെ കുടുംബത്തിന് കൈമാറുന്നു

കൊല്ലം: പട്ടിണിയും രോഗദുരിതവുമായി ദിനങ്ങളെണ്ണിയ കൊട്ടാരക്കര തേവലപ്പുറം പാറയിൽ ജംഗ്ഷനിലെ ഹരി ഭവനത്തിൽ (രണ്ടുതെങ്ങിൽ) ഉഷയ്ക്കും മക്കൾക്കും കാരുണ്യത്തിന്റെ സഹായങ്ങളെത്തുന്നു. കൊട്ടാരക്കര പെരുംകുളം കരുതൽ സംഘടന പതിനായിരം രൂപ കൈമാറി. കരുതലിന്റെ ഭാരവാഹികളായ പ്രസിഡന്റ് അനിൽകുമാറും സെക്രട്ടറി ശ്രീകുമാറും എസ്.ആർ.മദനകുമാറുമടങ്ങുന്ന സംഘം ഉഷയുടെ വീട്ടിലെത്തി തുക കൈമാറി. പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഓമനാ ശ്രീറാം അയ്യായിരം രൂപ ഉഷയ്ക്ക് കൈമാറി.

സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികളുമായെത്തി കുടുംബത്തിന്റെ തുടർ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ഓമനാ ശ്രീറാം അറിയിച്ചു. പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ തേവലപ്പുറം ശാഖയുടെ പ്രവർത്തകർ 5000 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് തുക കൈമാറും. രോഗവും പട്ടിണിയും: ദുരിതക്കുടിലിൽ അമ്മയും രണ്ട് മക്കളുമെന്ന തലക്കെട്ടോടെ ഉഷയുടെ കുടുംബത്തിന്റെ ദയനീയ ജീവിതം കഴിഞ്ഞ ദിവസം കേരളകൗമുദി ഓൺലൈൻ വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഉഷയുടെ ഭർത്താവ് സതിരാജൻ ബൈക്ക് അപകടത്തിൽ ഒന്നര മാസം മുൻപാണ് മരണപ്പെട്ടത്. മകൻ ഹരിലാലിന്(37) ഞരമ്പുകളിൽ രക്ത ഓട്ടം നിലച്ചതിന്റെ രോഗ തീവ്രാവസ്ഥയാണ്. മകൾ ശ്രീജയ്ക്ക് (32) വർഷങ്ങളായി സന്ധിവാതമാണ്. ഇപ്പോൾ രണ്ട് കാലുകളുടെയും അടിഭാഗത്തെ സ്പർശനം അറിയാൻപോലും ആകില്ല.

വാർത്തയിലൂടെ വിവരങ്ങൾ അറിഞ്ഞ പി.ഐഷാപോറ്റി എം.എൽ.എ കുടുംബത്തിന് സർക്കാർ സഹായങ്ങൾ ഉറപ്പാക്കുമെന്ന് അറിയിച്ചു. സംഘടനകളോടും ആവശ്യപ്പെടുമെന്നും എം.എൽ.എ അറിയിച്ചു. സഹായങ്ങൾ എത്തിക്കുന്നവർക്കായി എസ്.ഹരിലാലിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുത്തൂർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 67041976781. ഐ.എഫ്.എസ്.സി കോഡ് : എസ്.ബി.ഐ.എൻ 0070293.