ജോലിയും കൂലിയുമില്ലാതായിട്ട് മൂന്നാഴ്ച
കൊല്ലം: കൊവിഡ് നിയന്ത്രണത്തിനായി ലോക്ക് ഡൗൺ നീട്ടിയതോടെ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ജീവിതം അസാധാരണ പ്രതിസന്ധിയിലേക്ക്. ജോലിയും കൂലിയുമില്ലാതെ മൂന്നാഴ്ച ദുരിതജീവിതം തള്ളിനീക്കിയവർക്ക് ഇനിയും രണ്ടാഴ്ചയിലേറെ വേതനമില്ലാതെ വീട്ടിലിരിക്കണമെന്ന നിർദേശം ഉൾക്കൊള്ളാനാകുന്നില്ല. തൊഴിലാളി കുടുംബങ്ങൾ കൊടിയ സാമ്പത്തിക ബുദ്ധിമുട്ടിലായിട്ടും സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ മിക്കതും ലഭിച്ചിട്ടില്ല.
കശുഅണ്ടി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, മോട്ടോർ വാഹന തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ വിതരണം ചെയ്ത് തുടങ്ങുന്നതേയുള്ളൂ. സൗജന്യ ഭക്ഷ്യധാന്യ കിറ്റാകട്ടെ മഹാഭൂരിപക്ഷത്തിന്റെയും കൈകളിൽ എത്തിയില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോ - ടാക്സി തൊഴിലാളികൾ, കർഷക തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലയിലെ പതിനായിരങ്ങളും വരുമാനമില്ലാത കൊടിയ സാമ്പത്തിക ബുദ്ധിമുട്ടിലായി. മേയ് മൂന്ന് വരെ സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്തതിനാൽ ഏപ്രിൽ മാസത്തെ വരുമാനം ലഭിക്കില്ല. മാർച്ച് 23 വരെ തുറന്ന് പ്രവർത്തിച്ച സ്ഥാപനങ്ങളിലെ പല ജീവനക്കാർക്കും ഇന്നലെയും മാർച്ചിലെ ശമ്പളം ലഭിച്ചിട്ടില്ല. ചിലർക്ക് ഭാഗികമായി ശമ്പളം ലഭിച്ചത് മാത്രമാണ് ആശ്വാസം.
ജീവൻ രക്ഷാ മരുന്നുകൾക്ക് പണമില്ല
ജീവൻ രക്ഷാ മരുന്നുകളുടെ ഗണത്തിൽ പെടുന്ന പ്രമേഹത്തിനുള്ള ഇൻസുലിൻ സർക്കാർ ആശുപത്രികളിലൂടെ അടുത്തിടെ ലഭിക്കുന്നില്ല. പ്രമേഹ രോഗികൾ കൂടുതലായി ആശ്രയിക്കുന്ന ഇൻസുലിൻ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങണമെങ്കിൽ വൻ വില നൽകണം. കാരുണ്യ, ജൻ ഔഷധി സ്റ്റോറുകളിൽ നിന്ന് വാങ്ങുമ്പോൾ വിലക്കുറവ് ലഭിക്കുമെങ്കിലും അത് പോലും ഉപയോഗപ്പെടുത്താനുള്ള ശേഷി വരുമാനം നിലച്ച സാധാരണക്കാരനില്ല.