pho

പുനലൂർ: പൊലീസ് ആട്ടോ തടഞ്ഞതോടെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപിതാവിനെയും ചുമലിലേറ്റി നട്ടുച്ചയ്ക്ക് മകൻ അരക്കിലോമീറ്ററോളം നടന്നു.

കുളത്തൂപ്പുഴ ഇ.എസ്.എം കോളനി സിലോൺമുക്ക് പെരുമ്പള്ളിൽ കുന്നേൽ വീട്ടിൽ ജോർജിനെയാണ് (89) മകനും ആട്ടോ ഡ്രൈവറുമായ റോയിമോൻ ചുമന്നുകൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. കൂളത്തൂപ്പുഴയിൽ നിന്ന് ആട്ടോഓടിച്ച് പുനലൂർ ടി.ബി ജംഗ്ഷനിൽ എത്തിയ റോയിയെ പൊലീസ് തടയുകയായിരുന്നു. ഡിസ്ചാർജ് ചെയ്ത പിതാവിനെ കൊണ്ടുപോകാൻ വന്നതാണെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും പോകാൻ അനുവദിച്ചില്ല.പലതവണ അഭ്യർത്ഥിച്ചിട്ടും പൊലീസ് കേട്ടില്ലെന്ന് റോയി പറയുന്നു. തുടർന്ന് വാഹനം പാർക്ക് ചെയ്ത ശേഷം നടന്ന് ആശുപത്രിയിലെത്തിയ റോയി പിതാവിനെയും എടുത്ത് വാഹനത്തിന് അടുത്തേക്ക് എത്തിക്കുകയായിരുന്നു.റോയിയുടെ അമ്മ ലീലാമ്മയും മരുന്ന് ഉൾപ്പെടെ വീട്ടിലേക്കുള്ള സാധനങ്ങളുമെടുത്ത് അരക്കിലോമീറ്ററോളം ഒപ്പം നടന്നു. നാല് ദിവസം മുമ്പാണ് ഭാര്യ ലീലാമ്മയ്ക്കൊപ്പം കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി ജോർജ് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായത്.

പുനലൂരിൽ ഗതാഗതക്കുരുക്ക്

നിയന്ത്രണം ലംഘിച്ച് കൂടുതൽ വാഹനങ്ങൾ ഇന്നലെ രാവിലെ 11.30മുതൽ പുനലൂർ ടൗണിൽ എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ് റോയിമോൻ ആട്ടോയുമായി എത്തിയത്. തിരക്ക് നിയന്ത്രിക്കാനോ രേഖകൾ പരിശോധിച്ച് വാഹനങ്ങൾ കടത്തിവിടാനോ ആവശ്യമായ പൊലീസ് അവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അനാവശ്യമായി ആരെയും പൊലീസ് തടഞ്ഞിട്ടുമില്ല.

-പുനലൂർ സി.ഐ