resort-
ഓസ്ട്രിയൻ സ്വദേശിയായ ക്രിസ്റ്റ്യൻ കെപ്‌റ്റനർ സരോവരം റിസോർട്ട് ഉടമ ഡോ. കിരൺ എം ഐക്കരക്കൊപ്പം

അഞ്ചാലുംമൂട്: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ വിദേശിയായ യുവാവ് സ്വദേശത്തേക്ക് മടങ്ങി. അഷ്ടമുടി സരോവരം റിസോർട്ടിൽ കഴിഞ്ഞുവന്ന ഓസ്‌ട്രിയൻ സ്വദേശിയായ ക്രിസ്റ്റ്യൻ കെപ്‌റ്റനർ ആണ് ഇന്നലെ പുലർച്ചെ നാട്ടിലേക്ക് മടങ്ങിയത്. മാർച്ച്‌ 21 ന് കൊല്ലത്തെത്തിയ ഇയാൾ തേവള്ളി റേഷൻ കടമുക്കിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ചിരുന്നു. യാത്ര പോകാൻ വിസമ്മതിച്ച ഓട്ടോക്കാരാണ് ഇദ്ദേഹത്തെ പറ്റി അധികൃതരെ അറിയിച്ചത്.

തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സുരക്ഷിതമായ ഇടമെന്ന നിലയിൽ അഷ്ടമുടിയിലെ റിസോർട്ടിലേക്ക് മാറ്റുകയുമായിരുന്നു. ഫെബ്രുവരിയിൽ ഡൽഹിയിലെത്തിയ ഇദ്ദേഹം ഗോവയിലും തുടർന്ന് ട്രെയിൻ മാർഗം കൊല്ലത്തും എത്തുകയായിരുന്നു. പരിശോധനകൾ നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2ന് കാർ മാർഗം തിരുവനന്തപുരത്ത് എത്തുകയും കൊച്ചിവഴി ഇന്നലെ പുലർച്ചെ ഇംഗ്ലണ്ടിലേക്ക് പോകുകയുമായിരുന്നു.

28 ദിവസം പ്രതിഫലം ഒന്നും വാങ്ങാതെ തന്നെ സംരക്ഷിച്ച റിസോർട്ട് ഉടമ ഡോ. കിരൺ എം. ഐക്കര, ജീവനക്കാരായ ഇന്ദിര, അജയൻ, ശരത്, ഉഷാകുമാരി എന്നിവരോട് നന്ദിയും പറഞ്ഞ് യാത്രയായപ്പോൾ ഐ. ടി ജീവനക്കാരനായ യുവാവ് പറഞ്ഞത് ഒന്ന് മാത്രം, കൊറോണ ഭീതി ഒഴിയട്ടെ നിങ്ങളെയും ഈ നാടും കാണാൻ ഞാൻ ഇനിയും വരും.