ചാത്തന്നൂർ: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അടുത്ത ബന്ധു ചാത്തന്നൂർ ഏറം വണ്ടിവിളവീട്ടിൽ ബൈജു സുന്ദരാംഗനെ (45) ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗൾഫിൽ നിന്നെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്വാറന്റൈനിൽ കഴിഞ്ഞ പ്രതിയെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. അബുദാബിയിൽ ഒളിവിലായിരുന്ന പ്രതിയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചാത്തന്നൂർ ഏറം വണ്ടിവിള വീട്ടിൽ അഞ്ജലി (27) 2019 ഏപ്രിലിൽ ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. അടുത്ത ബന്ധുവായ അഞ്ജലിയെ പ്രതി വിദേശത്ത് കൊണ്ട് പോയി തന്റെ സ്ഥാപനത്തിൽ ജോലി നൽകി വീട്ടിൽ താമസിപ്പിച്ചു. പ്രതിയുടെ ഭാര്യയും മക്കളും നാട്ടിൽ പോയ സമയത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. തുടർന്ന് ജോലി മതിയാക്കി നാട്ടിലെത്തിയ അഞ്ജലി 2018 ൽ വിവാഹത്തിന് ഭർത്താവിനോടൊപ്പം അബുദാബിയിലെത്തി. ഭർത്താവ് ജോലിക്ക് പോയ സമയത്ത് താമസ സ്ഥലത്തെത്തിയ ബൈജു അഞ്ജലിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. നിരന്തര ശല്യത്തെ തുടർന്ന് യുവതി നാട്ടിൽ മടങ്ങിയെത്തിയിട്ടും പ്രതിയുടെ ഭീഷണി തുടർന്നു.
2019 ഏപ്രിലിൽ യുവതി വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കെ മരിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് നൽകിയ മരണമൊഴിയിലും ആത്മഹത്യാ കുറിപ്പിലും ബൈജുവാണ് ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് പറഞ്ഞിരുന്നു. അഞ്ജലി വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോൾ ബൈജുവിനെതിരെ പൊലീസിൽ പരാതിയും നൽകിയിരുന്നു. കേസന്വേഷണം നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ.
തുടർന്ന് ചാത്തന്നൂർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവിലായിരുന്ന പ്രതി അബുദാബിയിൽ നിന്നുള്ള അവസാന ഫ്ളൈറ്റിൽ നാട്ടിലെത്തിയപ്പോൾ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.