കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ 643 പേരെ ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇന്നലെ അറസ്റ്റ് ചെയ്‌തു. ഇവർക്കെതിരെ 636 കേസുകൾ രജിസ്റ്റർ ചെയ്‌ത് 579 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക്ക് ഡൗൺ നീട്ടിയതിന്റെ പശ്ചാത്തലത്തിൽ നിരത്തിലും പ്രധാന കേന്ദ്രങ്ങളിലും പൊലീസ് പരിശോധന കർശനമാക്കി. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 317 കേസുകളിലായി 321 പേരെ അറസ്റ്റ് ചെയ്ത് 277 വാഹനങ്ങൾ പിടിച്ചെടുത്തു.
റൂറൽ പൊലീസ് പരിധിയിൽ 319 കേസുകളിലായി 322 പേരെ അറസ്റ്റ് ചെയ്ത് 302 വാഹനങ്ങൾ പിടിച്ചെടുത്തു.നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന് പ്രവർത്തിപ്പിച്ച ചായക്കടകൾ, ബാർബർഷോപ്പ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ , ഫാൻസി സ്റ്റോറുകൾ തുടങ്ങിയവ അടപ്പിച്ച് ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ്.