കൊല്ലം: ക്ഷേമനിധി അംഗങ്ങളായ അഭിഭാഷക ക്ളർക്കുമാർക്ക് സർക്കാർ കൊവിഡ് ആശ്വാസ ധനസഹായമായി അനുവദിച്ച തുകയിൽ നിന്ന് കൈയ്യിട്ട് വാരിയതായി പരാതി. 3000 രൂപ വീതം ധനസഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഈ തുകയിൽ നിന്ന് അഭിഭാഷക ക്ളർക്കുമാരുടെ സംഘടന 200 രൂപ വീതം എടുത്തശേഷം 2800 രൂപ മാത്രം നൽകിയതിനെതിരെയാണ് അംഗങ്ങളുടെ പ്രതിഷേധം. 200 ലേറെ അംഗങ്ങളുള്ള പുനലൂർ യൂണിറ്റിലാണ് സഹായധനത്തിൽ നിന്ന് കൈയ്യിട്ടുവാരിയതായി പരാതി ഉയർന്നത്. ഇതിനെതിരെ അഡ്വക്കേറ്റ് ക്ളർക്ക്സ് അസോസിയേഷൻ പുനലൂർ യൂണിറ്റ് കമ്മിറ്റിയിൽ തന്നെ ഭിന്നത രൂക്ഷമായി.
അഭിഭാഷക ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത നിർദ്ധനരായ ക്ളർക്കുമാർക്ക് 1000 രൂപവീതം സഹായം നൽകാനെന്ന് പറഞ്ഞാണ് അംഗങ്ങളിൽ നിന്ന് 200 രൂപ വീതം പിരിവെടുത്തത്. എന്നാൽ ഇങ്ങനെ സഹായം നൽകിയവരിൽ കോടതിയിൽ പോകാതെ ബിസിനസ് നടത്തുന്നവർ വരെ ഉള്ളതായും പരാതി ഉയർന്നു. സർക്കാർ അനുവദിച്ച ആശ്വാസ ധനസഹായം വിതരണം ചെയ്യുന്നത് അസോസിയേഷൻ ഭാരവാഹികളാണ്. 200 രൂപ വീതം എടുത്തശേഷം ബാക്കി തുകയാണ് ഇവർ അംഗങ്ങൾക്ക് നൽകിയത്. സംഘടനയുടെ കമ്മിറ്റിയിലോ എക്സിക്യൂട്ടീവിലോ തീരുമാനിക്കാതെ പിരിവെടുത്തതിനെതിരെ സംഘടനയുടെ പുനലൂർ യൂണിറ്റ് ട്രഷറർ തന്നെ രംഗത്തെത്തി. വർഷം 1200 രൂപ വീതമാണ് അഭിഭാഷക ക്ളർക്കുമാർ ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നത്. തങ്ങൾക്ക് സർക്കാർ നൽകിയ സഹായത്തിൽ നിന്ന് ക്ഷേമനിധിയിൽ അംഗത്വം എടുക്കാതെയും വിഹിതം അടയ്ക്കാതെയും ഉള്ളവർക്ക് ധനസഹായം നൽകിയതിനെതിരെ പുനലൂർ യൂണിറ്റിൽ പ്രതിഷേധം ശക്തമാകുകയാണ്.