കൊവിഡ് വ്യാപനത്തിൽ ലോകം മുഴുവൻ ഇപ്പോൾ ദുരിതമനുഭവിക്കുകയാണ്. സമ്പദ്‌വ്യവസ്ഥകളും ആഗോള വിപണികളും താറുമാറായി. വൈറസ് വ്യാപനം പ്രതിരോധിക്കാൻ വാഹന നിർമ്മാണ കമ്പനിയായ പോർഷേയും പങ്കുചേരുകയാണ്. അതിന്റെ ഭാഗമായിട്ട് നിർമ്മാതാക്കൾ ഇതുവരെ നിർമ്മിച്ച അവസാനത്തെ ടർബോചാർജ്ഡ് അല്ലാത്ത 911കളിൽ ഒന്ന് ലേലം ചെയ്യുകയാണ്.
911 സ്പീഡ്സ്റ്റർ ഓൺലൈൻ ലേലത്തിലൂടെ വിൽക്കാൻ പോർഷ ആർ.എം സോതെബിയുമായി കൈകോർത്തു. ഓൺലൈൻ ലേലത്തിൽ നിന്നുള്ള മുഴുവൻ തുകയും കൊവിഡ് ദുരിതാശ്വാസത്തിനായുള്ള യുണൈറ്റഡ് വേ വേൾഡ് വൈഡ് കമ്മ്യൂണിറ്റി റെസ്പോൺസ് ആൻഡ് റിക്കവറി ഫണ്ടിനായി വിനിയോഗിക്കും. വാഹനത്തിനായുള്ള ലേലം ആർഎം സോതെബിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ചുകഴിഞ്ഞു.
ഏപ്രിൽ 22 ന് ലേലം അവസാനിക്കും. 911 സ്പീഡ്സ്റ്റർ റിസർവ് ഇല്ലാതെ ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്നയാൾക്ക് വിൽക്കും. വിജയിയായ ബിഡ്ഡറെയും ഒരു അതിഥിയെയും പോർഷ എജി വെയ്‌സാച്ച് വികസന ആസ്ഥാനത്തെ ഒരു വ്യക്തിഗത ടൂറിനായി ക്ഷണിക്കും. ജിടി സിൽവർ മെറ്റാലിക് എക്സ്റ്റീരിയർ ടോൺ വഹിക്കുന്ന 911 സ്പീഡ്സ്റ്റർ വെറും 20 മൈലുകൾ മാത്രമാണ് ഓടിയിരിക്കുന്നത്. വാഹനം ഇതുവരേയും രജിസ്റ്റർ ചെയ്തിട്ടുമില്ല. 4.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് ഫ്ലാറ്റ്-6 എൻജിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 495 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് സ്പീഡ്സ്റ്ററിൽ വരുന്നത്.