കൊല്ലം: ലോക്ക് ഡൗൺ കാലത്ത് വീടിനുള്ളിൽ തളച്ചിടപ്പെട്ട ഇന്ത്യയിലും വിദേശത്തുമുള്ള നൂറിലധികം കുട്ടികൾ റേയ്സ് ഗുരുകുലത്തിന്റെ ഓൺലൈൻ വേദിയിൽ ഒത്തുചേരുന്നു. ത്രിദിന സഹവർത്തിത്വ ക്യാമ്പായ റേയ്സ് ഗുരുകുലം കുട്ടികൾക്ക് സ്വന്തം വീടുകളിലിരുന്ന് തൽസമയം കാണാൻ കഴിയും. മൂന്ന് ദിവസങ്ങളിലായി കൂട്ടികളുടെ കലാസൃഷ്ടികളുടെ ഓൺലൈൻ പ്രദർശനം, വിദഗ്ദ്ധരുമായുള്ള കുട്ടികളുടെ കൂടിക്കാഴ്ച തുടങ്ങിയവ ഉണ്ടായിരിക്കും.
നാളെ രാവിലെ 9.30 ന് ഓൺലൈൻ ഗുരുകുലം ഉദ്ഘാടനം ചെയ്യും. 19ന് വൈകിട്ട് 3ന് ക്യാമ്പ് സമാപിക്കും. കുട്ടികളുടെ സർഗ്ഗാത്മകതയെ ഓൺലൈൻ മാദ്ധ്യമത്തിലൂടെ ഒരുമിച്ച് ചേർക്കുകയാണ് ക്യാമ്പ് ചെയ്യുന്നത്. മത്സരങ്ങളില്ലാത്ത സൗഹൃദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് കുട്ടികൾ പരസ്പരം പരിചയപ്പെടുകയും അവരുടെ വിവിധ കഴിവുകൾ വീടിനുള്ളിൽ തന്നെ പ്രകടിപ്പിച്ച് അതിന്റെ ഫോട്ടോകളും വീഡിയോകളും ടീം റേയ്സിന് അയച്ചു കൊടുക്കുകയും ചെയ്യുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി തുടരുകയാണ്.
വരകകൾ, വർണ്ണങ്ങൾ, പ്രസംഗം, ഉപന്യാസം, കഥപറച്ചിൽ, കവിത ചൊല്ലൽ, ഗാനാലാപനം, ഉപകരണ സംഗീതം, നൃത്തം, വേസ്റ്റുകളിൽ നിന്ന് സൃഷ്ടിക്കുന്ന അത്ഭുത വസ്തുക്കൾ എന്നിവയിൽ മുഴുകിയിരിക്കുകയാണ് റേയ്സ് ഗുരുകുലത്തിലെ കുട്ടികൾ. ലോക്ക് ഡൗൺ നൽകുന്ന മാനസിക സംഘർഷം ലഘൂകരിക്കാനും സമയം ഫലപ്രദമായി ഉപയോഗിക്കാനും സ്വന്തം കഴിവുകളെ കണ്ടെത്തി അതിനോട് മത്സരിക്കാനും മറ്റു കുട്ടികളുമായി മത്സരത്തിനല്ല സൗഹൃദത്തിനാണ് മുതിരേണ്ടതെന്ന പാഠം പഠിക്കാനും ഇതുവഴി കുട്ടികൾക്ക് കഴിയും.
രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ലോക്ക് ഡൗണിന് മുമ്പ് തീരുമാനിച്ചതു പോലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും പരീക്ഷാ പേടി ഒഴിവാക്കാനും ഉള്ള സംശയ നിവാരണം ടെലഫോൺ കൗൺസലിംഗ് തുടങ്ങിയവ തുടർന്നും നടക്കും. റേയ്സ് ചെയർമാൻ എം.സി. രാജിലൻ, വൈസ് ചെയർമാൻ വിനോദ് ശ്രീധർ, സെക്രട്ടറി ഷഹറുദ്ദീൻ, കൗൺസലിംഗ് ആൻഡ് ഗൈഡൻസ് ഡയറക്ടർ പ്രീത, കോ ഓർഡിനേറ്റർമാരായ രശ്മി ശ്രീകാന്ത്, അജ്മൽ, നൗഫിയ എന്നിവരടങ്ങുന്ന ടീമാണ് ആദ്യ ഓൺലൈൻ റേയ്സ് ഗുരുകുലത്തിന് നേതൃത്വം നൽകുന്നത്.