കൊല്ലം: വിഷുക്കണി കണ്ടാൽ ജീവിതത്തിൽ ഐശ്വര്യം വരുമെന്ന വിശ്വാസം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർ‌ഡിൽ സത്യമായി. വിഷുപ്പുലരിയിൽ ആശുപത്രിയിലെ ജീവനക്കാർ ഒരുക്കിയ കണികണ്ടുണർന്ന ഗ്രീഷ്മയ്ക്ക് മുന്നിലേക്ക് മണിക്കൂറുകൾക്കകം എത്തിയത് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന വാർത്തയാണ്. കൊവിഡ് വാർഡിലെ ആശങ്കയിൽ നിന്ന് ഒരു കുഞ്ഞിക്കാൽ കൂടി പിറക്കുന്ന ജീവിത്തിന്റെ ഐശ്വര്യ സമൃദ്ധിയിലേക്ക് ഗ്രീഷ്മ ഇന്നലെ നടന്നിറങ്ങി.

കഴിഞ്ഞ ജൂലായിലാണ് കടയ്ക്കൽ ഇട്ടിവ സ്വദേശിയായ ബാലുകൃഷ്ണനും ഗ്രീഷ്മയും വിവാഹിതരായത്. ബാലു ഖത്തറിൽ അദ്ധ്യാപകനായിരുന്നു. ജനുവരിയിലാണ് ഗ്രീഷ്മ ഖത്തറിലേക്ക് പോയത്. ഇതിനിടെ കൊവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അവിടുത്തെ കമ്പനികളെല്ലാം അടച്ചുപൂട്ടി. അതോടെ ഇരുവരും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഗ്രീഷ്മ രണ്ട് മാസം ഗർഭിണി ആയതിനാൽ നാട്ടിലെത്തിയ ഇരുവരും തിരുവനന്തപുരത്തെ ഗൈനക്കോളജിസ്റ്റിനെ കണ്ടു. അക്കൂട്ടത്തിൽ കൊവിഡ് പരിശോധനയ്ക്ക് സ്രവവും നൽകി. ഈമാസം 2ന് ഫലം വന്നപ്പോൾ ബാലു നെഗറ്റീവും ഗ്രീഷ്മ പോസിറ്റീവുമായിരുന്നു.

ഒരു വീട്ടിൽ കഴിഞ്ഞതിനാൽ ബാലുവും അച്ഛനും അമ്മയും ഗ്രീഷ്മയ്ക്കൊപ്പം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലായി. തൊട്ടപ്പുറത്ത് ബാലുവുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു ഗ്രീഷ്മയ്ക്ക്. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും പരിശോധനാ ഫലം വന്നപ്പോൾ ബാലുവും അച്ഛനും അമ്മയും നെഗറ്റീവായി. ബാലു ഗ്ലാസ് ജനാലയിലൂടെ യാത്ര പറഞ്ഞപ്പോൾ ഗ്രീഷ്മയ്ക്ക് വിതുമ്പൽ അടക്കാനായില്ല. ഇന്നലെ വീട്ടിലെത്തും വരെ ബാലുവിന്റെ ശബ്ദം മാത്രമേ ഗ്രീഷ്മയുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. രോഗം ഭേദമായെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഗ്രീഷ്മ നെഞ്ചിടിപ്പോടെ ചോദിച്ചു. കുഞ്ഞാവയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?. ഒരു കുഴപ്പവുമില്ലെന്ന ഡോക്ടർമാരുടെ ഉറപ്പ് മറ്റൊരാശ്വാസമായി. ഗ്രീഷ്മയെ പരിശോധിക്കാൻ ഒരു ഗൈനക്കോളജിസ്റ്റും സ്ഥിരമായി എത്തുമായിരുന്നു.