കരുനാഗപ്പള്ളി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ പ്രതിസന്ധിയിൽ. കരുനാഗപ്പള്ളിയിലെ വലുതും ചെറുതുമായ വ്യാപാര സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി നോക്കിയിരുന്നത്. ഇതിൽ ഏറെയും സ്ത്രീ തൊഴിലാളികളാണ്. തുച്ഛമായ ശമ്പളമാണ് ഇവർക്ക് ലഭിച്ചിരുന്നതെങ്കിലും ഇത് കൃത്യമായി കിട്ടിയിരുന്നതിനാൽ വീട്ടുകാര്യങ്ങൾക്ക് ബുദ്ധിമുട്ടില്ലായിരുന്നെന്ന് തൊഴിൽ നഷ്ടപ്പെട്ടവർ പറയുന്നു. ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാനാകാതെ വലയുകയാണ് വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ. തങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നാണ് വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ആവശ്യം.
വരുമാനം നിലച്ചു: നിസഹായരായി തൊഴിലാളികൾ
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് 19 സാമൂഹിക വ്യാപനം തടയാനായി കരുനാഗപ്പള്ളി ടൗണിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടിയിരുന്നു. ടൗണിൽ ഏറ്റവും കൂടുതൽ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്ന സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തിൽ അടച്ചുപൂട്ടിയത്. 500 ലേറെ തൊഴിലാളികൾ പണിയെടുക്കുന്ന ഒന്നിലധികം സ്ഥാപനങ്ങൾ കരുനാഗപ്പള്ളി ടൗണിൽ പ്രവർത്തിച്ചിരുന്നു. ലോക്ക് ഡൗൺ ഇത്രയേറെ നീളുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും കടകളിൽ ജോലിക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. കടകൾ അടച്ചിട്ടതോടെ വരുമാനം പൂർണമായും നിലയ്ക്കുകയും തൊഴിലാളികൾക്ക് ശേഷിക്കുന്ന ശമ്പളം നൽകാനാകാതെ കടയുടമകൾ നിസഹായരാവുകയും ചെയ്തു.
വ്യാപാരികളും പ്രസിസന്ധിയിൽ
കടതുറന്ന് പ്രവർത്തിച്ചാൽ പോലും ശമ്പളം എന്ന് കൊടുക്കാൻ കഴിയുമെന്ന് പറയാനാവാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. ലോക്ക് ഡൗൺ അവസാനിപ്പിച്ച് കടകൾ തുറന്നാൽ പോലും നിലവിലുള്ള എല്ലാ തൊഴിലാളികളെയും വീണ്ടും ജോലിക്കെടുക്കാൻ കഴിയുമെന്ന ഉറപ്പും വ്യാപാരികൾക്കില്ല.