ലോകം മുഴുവൻ ലോക്ക്ഡൗണിലാണ്. ആരും തന്നെ പുറത്തിങ്ങുന്നില്ല. പ്രായമായവർ പ്രത്യേകിച്ചും. വീട്ടിൽ പേരക്കുട്ടികളെ കളിപ്പിച്ചും, പ്രാർത്ഥനകളിൽ മുഴുകിയും സമയം കളയുകയാണ്. എന്നാൽ ചെക്ക് റിപ്പബ്ലിക്കിലെ ലൂക്ക എന്ന ഗ്രാമത്തിൽ ഒരു തൊണ്ണൂറുവയസുകാരി ഈ കൊവിഡ് കാലത്തെ സുന്ദരമാക്കുന്നതു കാണാം. 90 വയസിന് മുകളിൽ പ്രായമുള്ള കാർഷിക തൊഴിലാളിയായ ആഗ്‌നസ് കാസ്പർകോവ ലോക്ക് ഡൗൺ കാലത്തും വെറുതേയിരിക്കാൻ തയ്യാറല്ല.
അവർ ആ കൊച്ചു ഗ്രാമത്തിലെ എല്ലാ വീടുകളും പെയിന്റ് ചെയ്ത് അലങ്കരിക്കുകയാണ്. ഓരോ വീടുകളിലേയും ചുവരിൽ തിളക്കമുള്ള നീല ഷേഡുകളിൽ പരമ്പരാഗത മൊറാവിയൻ രൂപങ്ങളാണ് മുത്തശ്ശി വരയ്ക്കുന്നത്. എന്തായാലും ലോക്ക്ഡൗൺ കഴിയുമ്പോൾ ഗ്രാമീണർക്ക് ഒരു പുതിയ കാഴ്ച്ചാഅനുഭവം തന്നെയാകും ലഭിക്കുക. വർഷങ്ങളായി ഇതേ കലയിൽ ഏർപ്പെട്ടിരുന്ന മറ്റൊരു വനിതയാണ് കാസ്പർകോവയ്ക്ക് പ്രചോദനം.
തണുത്തുറഞ്ഞ കാലാവസ്ഥ കാരണം ശൈത്യകാലത്ത് മുത്തശ്ശി പെയിന്റിംഗ് ചെയ്യാറില്ല. പിന്നെ വസന്തകാലത്തിനായുള്ള കാത്തിരിപ്പാണ്. വസന്തം വന്നയുടനെ ഗ്രാമം ഭംഗിയാക്കാനുള്ള പ്രവർത്തനങ്ങൾ കാസ്പർകോവ ആരഭിക്കും. എന്നാൽ അവരുടെ കലാസൃഷ്ടിക്ക് ആഗോള തലത്തിൽ ശ്രദ്ധ ലഭിച്ചിട്ടില്ല. ഇപ്പോൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിലൂടെ ഇവർ പ്രശസ്തയായിരിക്കുകയാണ്. എന്നാൽ പേരിനും പ്രശസ്തിക്കും വേണ്ടിയല്ല ഇതൊക്കെ സ്വന്തം മാനസികോല്ലാസത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് ഈ മുത്തശ്ശി പറയുന്നു.