കൊല്ലം: സന്നദ്ധസേവനത്തിന്റെ പേരിൽ റോഡിൽ ചുറ്റിക്കറങ്ങിയതിന് ഇന്നലെ 32 പേർക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. കൃത്യമായ രേഖകളോ സന്നദ്ധസേവകനാണെന്ന തിരിച്ചറിയൽ രേഖകളോ ഹാജരാക്കാൻ കഴിയാത്തവർക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പനയം പഞ്ചായത്തിലെ സന്നദ്ധസേവകരായ യുവാക്കളെ പൊലീസ് തടഞ്ഞത് വിവാദമായിരുന്നു. രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഹാജരാകാത്തതിനെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം സന്നദ്ധപ്രവർത്തനത്തിന്റെ പേരിൽ വെറുതെ ചുറ്റിക്കറങ്ങുന്നത് യുവാക്കൾ പതിവാക്കിയിരിക്കുകയാണെന്നും ഇവർക്ക് സന്നദ്ധപ്രവർത്തനവുമായോ സാമൂഹിക അടുക്കളയുമായോ യാതൊരു ബന്ധവുമില്ലെന്നും പൊലീസ് പറയുന്നു. വരുംദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്നും അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.