modi

കൊല്ലം: പാവപ്പെട്ടവർക്ക് സൗജന്യ ഉപദേശവും തനിക്ക് താമസിക്കാൻ 922 കോടി രൂപയുടെ പുതിയ കൊട്ടാരവുമെന്ന പ്രധാനമന്ത്രിയുടെ നയം തിരുത്തണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആവശ്യപ്പെട്ടു. എല്ലാ ദുരന്തങ്ങളും ഒടുവിൽ താങ്ങേണ്ടി വരുന്നത് തൊഴിലാളികളാണ്. ഇന്ത്യയിലെ പട്ടിണിക്കാരിൽ പട്ടിണിക്കാരാണ് സ്വന്തം നാട്ടിൽ കൂലിവേല പോലും കിട്ടാതെ മറ്റു സംസ്ഥാനങ്ങളിലും മഹാനഗരങ്ങളിലും പോയി ഉപജീവനം നേടുന്നവർ. ഇന്നത്തെ കോവിഡ് മഹാമാരിയുടെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നതും അവർ തന്നെ. കേരളം ഒഴികെ ഇന്ത്യയിലെ ഒരു സംസ്ഥാനവും ഈ കുടിയേറ്റത്തൊഴിലാളികളുടെ കാര്യം ഗൗരവമായെടുത്തിട്ടില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഉടനെ ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും ലക്ഷക്കണക്കിനു തൊഴിലാളികളാണ് ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി സ്വന്തം നാട്ടിലേക്കു നടന്നു പോയത്.

ഇന്ന് ലോക്ക് ഡൌൺ നീട്ടിയപ്പോൾ മുംബൈയിലും ഗുജറാത്തിലെ സൂറത്തിലും രോഗഭീതി വകവയ്ക്കാതെ ഈ തൊഴിലാളികൾ തെരുവിലിറങ്ങിയിരിക്കുന്നു. നാട്ടിൽ പോകണം എന്നതു മാത്രമാണ് അവരുടെ ആവശ്യം. തൊഴിലും ഭക്ഷണവും ഇല്ലാതെ വലയുന്ന അവർക്കു നാട്ടിൽ പോകാൻ പ്രത്യേക തീവണ്ടികളോ മറ്റു സംവിധാനങ്ങളോ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറല്ല. അതിനു പണമില്ല. പക്ഷേ, ദില്ലിയിൽ പ്രധാനമന്ത്രിക്ക് താമസിക്കാൻ 922 കോടിയുടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ കരാറാകുന്നു. പുതിയ പാർലമെന്റും മന്ത്രി, മന്ത്രാലയാപ്പീസുകളും ഉണ്ടാക്കാൻ 20000 കോടിയുടെ പദ്ധതി ആയി.

പാവപ്പെട്ടവർക്ക് ടെലിവിഷൻ പ്രഭാഷണങ്ങളിലൂടെ സൗജന്യ ഉപദേശം, തനിക്കു വസിക്കാൻ കൊട്ടാരമുണ്ടാക്കാൻ ആയിരം കോടി എന്നാണ് നരേന്ദ്ര മോദിയുടെ നയം. ഇത് തിരുത്താൻ അദ്ദേഹം തയ്യാറായില്ലെങ്കിൽ തിരുത്തിക്കാൻ പൊതുസമൂഹം ഉണരേണ്ടിയിരിക്കുന്നുവെന്നും എം.എ.ബേബി പറഞ്ഞു.