photo
എക്സൈസ് കരുനാഗപ്പള്ളിയിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നു

കരുനാഗപ്പള്ളി: വ്യാജമദ്യ ഉൽപ്പാദനവും വിപണനവും വ്യാപകമായ സാഹചര്യത്തിൽ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ മേഖലകളിൽ എക്സൈസിന്റെ ഡ്രോൺ പരിശോധന ആരംഭിച്ചു. എക്സൈസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് എൻഫോഴ്‌സ്‌മെന്റ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആകാശ നിരീക്ഷണം ശക്തമാക്കിയത്.

കായലിനാൽ ചുറ്റപ്പെട്ട തുരുത്തുകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് വ്യാപകമാകുന്നത് എക്സൈസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും വാറ്റുകാർ വള്ളങ്ങളിൽ രക്ഷപെട്ടിരിക്കും. വെള്ളക്കെട്ടുകൾ, കുറ്റിക്കാടുകൾ, ചതുപ്പ് പ്രദേശങ്ങൾ, ഉദ്യോഗസ്ഥർക്ക് പെട്ടന്ന് എത്തിപ്പെടാൻ കാഴിയാത്ത സ്ഥലങ്ങൾ എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് തകൃതിയായി നടക്കുന്നത്. ഇവിടെയാണ് എക്സൈസ് നിരീക്ഷണം നടത്തുന്നത്.

ഇതിന്റെ ഭാഗമായി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി .മോഹൻ, ഇൻസ്‌പെക്ടർ കെ.കെ. ശശികുമാർ, റേഞ്ച് ഇൻസ്‌പെക്ടർ പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തൊടിയൂർ ആര്യംപാടം, പാവുമ്പ, വള്ളക്കടവ്, കണ്ണഞ്ചാലിൽ, ആയിരം തെങ്ങ് ഫിഷ് ഫാം, തെക്കുംഭാഗം നീലേശ്വരം തോപ്പ്, സെന്റ് സെബാസ്റ്റ്യൻ ഐലൻഡ്, നീണ്ടകര ശ്രേയസ് നഗർ, ദളവാപുരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ജെ . താജുദ്ദീൻ കുട്ടിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.

............................................

പെട്ടെന്ന് എത്തിപ്പെടാൻ പറ്റാത്ത ചില വാറ്റുകേന്ദ്രങ്ങളെപറ്റി എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ സ്ഥലങ്ങളിലും പരിശോധന നടത്തും. വ്യാജവാറ്റ് കൂടുതൽ നടക്കുന്നത് രാത്രി കാലങ്ങളിൽ ആയതിനാൽ രാത്രിയിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കും

കെ.പി. മോഹൻ ,കരുനാഗപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ

റെഡിയായി 24x7 കൺട്രോൾ റൂം

ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ താലൂക്കിൽ എക്സൈസിന്റെ

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. വ്യാജവാറ്റിനെയും മറ്റ് ലഹരി വസ്തുക്കളുടെ വിപണനത്തിയും സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഇവിടെ അറിയിക്കാം. ഫോൺ വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

നമ്പറുകൾ: 0476 2631771, 0476 2630831, 9400069443, 9400069445, 9400069456