roymon

കൊല്ലം: പൊലീസ് ആട്ടോ തടഞ്ഞതിനെ തുടർന്ന് രോഗിയായ പിതാവിനെ എടുത്തുകൊണ്ട് ഓടിയ കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയിൽ സിലോൺമുക്ക് പെരുമ്പള്ളി കുന്നേൽ വീട്ടിൽ റോയിമോന്റെ വെപ്രാളം ഇനിയും മാറുന്നില്ല. പൊലീസ് പുതിയ തിരക്കഥ മെനയുമ്പോഴും റോയിയ്ക്ക് പറയാനുള്ളത് ഇത്തിരി നേരം അനുഭവിച്ച വെപ്രാളത്തിന്റെ നെഞ്ചുരുക്കും സംഭവങ്ങൾ. ആട്ടോ ഡ്രൈവറായ റോയിമോൻ പറഞ്ഞതിങ്ങനെ: " എന്റെ കിതപ്പ് ഇപ്പോഴും മാറിയിട്ടില്ല. സി.ഐയുടെ ചീത്തവിളിയും അപ്പന്റെ അവസ്ഥയും കൂടിയായപ്പോൾ ഞാൻ വല്ലാത്ത മാനസിക അവസ്ഥയിലെത്തിയിരുന്നു. അപ്പനെ ആശുപത്രിയിൽ നിന്നും കൊണ്ടുവരാൻ വേണ്ടി പോകുന്നവഴിയാണ് പുനലൂർ തൂക്കുപാലത്തിന് സമീപം ടി.ബി.യുടെ അടുത്തായി പൊലീസിനെ കണ്ടത്. രണ്ട് സ്റ്റാറുള്ള എ.എസ്.ഐ കൈകാണിച്ചു. ആട്ടോ നിർത്തി കാര്യങ്ങൾ പറഞ്ഞപ്പോൾ പൊയ്ക്കോളാൻ പറഞ്ഞു. പെട്ടെന്നാണ് പുനലൂർ സി.ഐ ജീപ്പിൽ എത്തിയത്.

ആട്ടോ തടഞ്ഞു. എന്നെ ചീത്ത വിളിച്ചു. സ്വയം സാക്ഷ്യപ്പെടുത്തിയ പേപ്പർ കാണിച്ചപ്പോൾ അത് കാണാൻ തയ്യാറായില്ല. എന്നെ അവിടെ നിർത്തിയിട്ട് സി.ഐ വേറെ വാഹനങ്ങൾക്ക് പുറകെ പോയി. ഞാൻ വണ്ടിയിൽ ഇരുന്നു. സി.ഐ തിരികെ വന്നപ്പോൾ വണ്ടി ഒതുക്കിയിടാൻ പറഞ്ഞു. ഞാൻ കരഞ്ഞു തൊഴുതു പറഞ്ഞു. അപ്പോൾ എന്നെ വിരട്ടി. എന്റെ അപ്പനെ കൊണ്ടുവരണ്ട അവസ്ഥയുള്ളതിനാൽ വെപ്രാളമായി. ആട്ടോ ഒതുക്കിയിട്ടിട്ട് ഞാൻ ആശുപത്രിയിലേക്ക് ഓടി, ആശുപത്രിയിലെത്തി. ഡോക്ടറെ കണ്ടപ്പോൾ ഡിസ്ചാർജ്ജ് എഴുതിത്തന്നു. ഡിസ്ചാർജ്ജ് പേപ്പറുമായി സി.ഐയുടെ അടുത്തേക്ക് വീണ്ടും ഓടി. അദ്ദേഹത്തോട് കാര്യം പറയാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കരഞ്ഞിട്ടും മൈൻഡ് ചെയ്തില്ല. ഞാൻ തിരികെ വന്നു. പേപ്പർ അമ്മയുടെ കൈയിൽ കൊടുത്തു. അവിടെ ഉണ്ടായിരുന്ന ആട്ടോക്കാരനോട് വിവരം പറഞ്ഞു.

പറ്റുന്ന ദൂരമെങ്കിലും എത്തിയ്ക്കാൻ പറഞ്ഞപ്പോൾ ആട്ടോക്കാരൻ തയ്യാറായി. ആട്ടോയിൽ അപ്പനെയും അമ്മയെയും കയറ്റി ഞാനും കയറി. മൃഗാശുപത്രിയുടെ അടുത്ത് എത്തിയപ്പോൾ പൊലീസ് വാഹനം പാസ് ചെയ്തു. പൊലീസ് പോകുന്നു, ഇനി ഞാൻ വരുന്നില്ലെന്ന് ആട്ടോക്കാരൻ പറഞ്ഞു. ഞാൻ മുപ്പത് രൂപ കൊടുത്തിട്ട് ഇറങ്ങി. അപ്പനെയും എടുത്തുകൊണ്ട് ഓടുകയായിരുന്നു. അപ്പനെ ആട്ടോയിലാക്കിയ ശേഷം വീണ്ടും സി.ഐയുടെ അടുത്ത് ചെന്നെങ്കിലും അദ്ദേഹം വീണ്ടും ആട്ടിയോടിക്കുകയായിരുന്നു." ആശുപത്രിയിൽ നിന്നും റോയിമോൻ പിതാവ് ജോർജ്ജിനെ(89) ആട്ടോയിൽ കയറ്റുന്ന സി.സി.ടി.വി ദൃശ്യം ഉപയോഗിച്ച് പൊലീസ് പുതിയ തിരക്കഥയെഴുതുമ്പോഴാണ് റോയിമോന്റെ വെളിപ്പെടുത്തൽ.