ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നു
കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അനിശ്ചിതമായി നീണ്ടതോടെ ഓൺലൈൻ ക്ലാസുകളുടെ സാദ്ധ്യതകൾ തേടുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കോളേജുകളിലും സ്‌കൂളുകളിലും അദ്ധ്യയന കാലം അവസാനിച്ച് പരീക്ഷ തുടങ്ങിയ സമയത്താണ് ലോക്ക് ഡൗൺ എത്തിയത്. ഇപ്പോൾ മദ്ധ്യവേനലവധി കാലമായതിനാൽ അവരുടെ അദ്ധ്യയന ദിനങ്ങളെ ലോക്ക് ഡൗൺ ബാധിക്കുന്നില്ല. പക്ഷേ പി.എസ്.സി പരീക്ഷകൾ, മെഡിക്കൽ - എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾ എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വിലപ്പെട്ട ദിവസങ്ങളാണ് ലോക്ക് ഡൗണിൽ നഷ്ടമാകുന്നത്. ഇതിനെ മറികടക്കാൻ ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യമായ എല്ലാ വശങ്ങളും പഠിതാക്കളുടെയും കൂടി സൗകര്യങ്ങൾ പരിഗണിച്ച് നടപ്പാക്കുകയാണ് പരിശീലന കേന്ദ്രങ്ങൾ. മൂന്നാഴ്ചയിലേറെ പഠന ദിനങ്ങൾ നഷ്ടപ്പെട്ടതിനാൽ ഇനിയും കാത്തിരിക്കാതെ ക്ലാസുകൾ നടത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും സ്ഥാപനങ്ങളെ സമീപിച്ചു. നിരവധി പി.എസ്.സി പരീക്ഷകളുടെ വിജ്ഞാപനം അടുത്തിടെ പുറത്ത് വന്നിരുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ജില്ലയിലെ നൂറ് കണക്കിന് പരിശീലന കേന്ദ്രങ്ങളിലായി പഠനം നടത്തുന്നത്. ഇതിൽ വിദ്യാർത്ഥികൾ, വീട്ടമ്മമാർ, ആട്ടോറിക്ഷാ തൊഴിലാളികൾ, വിവിധ സ്വകാര്യ സഥാപനങ്ങളിലെ ജീവനക്കാർ, കശുഅണ്ടി തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുണ്ട്. ഇവരെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഓൺലൈൻ ക്ലാസുകളാണ് സജ്ജമാകുന്നത്.
ക്ലാസ് മുറികളായി വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ
ക്ലാസ് വിവരങ്ങൾ അറിയിക്കാനും ചോദ്യ പേപ്പറുകൾ കൈമാറാനുമായി ആരംഭിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ പല സ്ഥാപനങ്ങളും ക്ലാസ് മുറികളാക്കി മാറ്റി. ക്ലാസ് സമയം, അദ്ധ്യാപകരുടെ വിവരങ്ങൾ, വിഷയം എന്നിവ മുൻകൂട്ടി അറിയിക്കും. ആരൊക്കെ ക്ലാസിലുണ്ടെന്നറിയാൻ ഹാജർ രേഖപ്പെടുത്തും. വോയ്സ് മെസേജുകളായി അദ്ധ്യാപകന്റെ ക്ലാസ് തുടങ്ങും. സംശയങ്ങൾ ചോദിക്കാനും മറുപടി ലഭിക്കാനും അവസരമുണ്ട്. ക്ലാസിൽ താമസിച്ച് വരുന്നവരും അനുവാദം വാങ്ങി നേരത്തെ ഇറങ്ങുന്നവരും വാട്ട്സ് ആപ്പ് ക്ലാസിലുമുണ്ട്.
കൂട്ടായ പഠനം വീഡിയോ
കോൺഫറൻസിലൂടെ
പരസ്പരം കണ്ട് സംശയങ്ങൾ ചോദിക്കാനും പഠിക്കാനും വാട്ട്സ് ആപ്പ് വീഡിയോ കോൺഫറൻസ് ഉപയോഗപ്പെടുത്തുന്നവർ ഏറെയാണ്. നാലുപേർക്ക് ഒരേ സമയം പരസ്പരം കണ്ട് പഠനത്തിൽ ഏർപ്പെടാനുള്ള അവസരം ഇതിലുണ്ട്. ഫേസ് ബുക്ക് ലൈവുകളിലൂടെ ഓൺലൈൻ ക്ലാസുകൾ നൽകുന്ന രീതിയും സജീവമാക്കി. സംശങ്ങൾ കമന്റുകളായി അയച്ചാൽ മറുപടി ലഭിക്കും.
മാതൃകയായി എസ്.എഫ്.ഐ
ടെലി ക്ലാസ് മുറികൾ
അദ്ധ്യയന ദിനങ്ങൾ നഷ്ടമായ സർവകലാശാല വിദ്യാർത്ഥികൾക്കായി
ടെലിഗ്രാം ആപ്ലിക്കേഷനിലൂടെ എസ്.എഫ്.ഐ ഓൺലൈൻ ടെലി ക്ലാസ് മുറികൾ സജ്ജമാക്കി. സർവകലാശാല അദ്ധ്യാപകർ കൈകാര്യം ചെയ്യുന്ന ക്ലാസുകളിൽ
സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആധുനിക സങ്കേതങ്ങൾ ഏറെയുണ്ട്
പഠിതാക്കൾക്കും അദ്ധ്യാപകനും നേരിൽ കാണാൻ കഴിയുന്ന ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗപ്പെടുത്താനുള്ള സൗകര്യം സംസ്ഥാനത്തെ പല സാങ്കേതിക സ്ഥാപനങ്ങൾക്കുമുണ്ട്. ഗൂഗിൾ ക്ലാസ് റൂം ഉൾപ്പെടെയുള്ള ആധുനിക സങ്കേതങ്ങളും മുന്നിലുണ്ട്.
'' ഓൺലൈൻ ക്ലാസുകളുടെ സാദ്ധ്യതകളേറെയാണ്. പക്ഷേ പഠിതാക്കളിൽ ഇതിനുള്ള സൗകര്യ കുറവാണ് വെല്ലുവിളി. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളെ സജീവമായി ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിരവധിയുണ്ട്. റോഷി തോമസ്, അസി.പ്രൊഫസർ, കെ.വി.വി.എസ് കോളേജ്