police
കായലിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തിയ സി.ഐ രാജേഷ്‌കുമാർ

ചവറ: കായലിൽ ചാടി നീന്തിയ സി.ഐ സ്വന്തം യൂണിഫോം ഊരി നീട്ടി. മുങ്ങിത്താഴുകയായിരുന്ന യുവാവ് അതിൽ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറി. ചവറ തെക്കുംഭാഗം സി.ഐ ആർ. രാജേഷ്‌കുമാ‌ർ, താങ്കളാണ് റിയൽ ഹീറോ...

യുവാവിനൊപ്പം കായലിൽ ചാടിയവർ നിസഹായരായി നോക്കി നിൽക്കേയായിരുന്നു സി.ഐയുടെ രക്ഷാ പ്രവർത്തനം. ലോക്ക് ഡൗണിനിടെ കായൽക്കരയിൽ കൂട്ടം കൂടിയത് അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് വെള്ളത്തിൽ ചാടിയ യുവാവിനെയാണ് രക്ഷിച്ചത്.

ബുധനാഴ്ച വൈകിട്ട് 5 ഓടെ തേവലക്കര അരിനല്ലൂർ കിഴക്ക് കോട്ടവീട്ടിൽ കടവിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കടവിൽ ആളുകൾ കൂടിയതറിഞ്ഞെത്തിയ പൊലീസിന്റെ ജീപ്പ് കണ്ടതോടെ കുറച്ചുപേർ ഓടിമാറി. മൂന്നു പേർ കായലിൽ ചാടി. ഇവരിൽ രണ്ടുപേരെ അനുനയിപ്പിച്ച് പൊലീസ് കരയ്ക്ക്‌ കയറ്റി. എന്നാൽ, തേവലക്കര അരിനല്ലൂർ മുട്ടം സ്വദേശി നിതിൻ (25) മറുകരയിലേക്ക് നീന്തി. കായലിന് നടുക്കെത്തിയതോടെ കൈകാലുകൾ കുഴഞ്ഞ് മുങ്ങിത്താണു.

സഹായത്തിനായി കൈ ഉയർത്തി വീശി. കരയിൽ നിന്നവർക്ക് അത്രദുരം നീന്തിച്ചെന്ന് രക്ഷാപ്രവർത്തനം നടത്താൻ ധൈര്യം വന്നില്ല. യുവാവ് മരണ വെപ്രാളം കാട്ടിയതോടെ സി.ഐ ഷൂസ് ഊരി കായലിലേക്ക് ചാടി. നീന്തി അടുത്തെത്തിയെങ്കിലും മരണ വെപ്രാളത്തിൽ കൈകാലിട്ടടിച്ച യുവാവിനെ എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല.

പൊടുന്നനെ യൂണിഫോം ഷർട്ട്‌ ഊരി വീശി. അതിൽ പിടിമുറുക്കിയ യുവാവിനെയും കൊണ്ട് കരയിലേക്ക് നീന്തുകയായിരുന്നു.

എന്തായാലും പൊലീസ് സ്വന്തം ഡ്യൂട്ടി മറന്നില്ല. ലോക്ക് ഡൗൺ ലംഘിച്ചതിന് കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെ കേസെടുത്തു.