ചോദ്യം ചെയ്താൽ സാധനമില്ല
കൊല്ലം: സാധനങ്ങൾക്ക് അമിതവില ഈടാക്കുകയും പൂഴ്ത്തിവയ്പ് നടത്തുന്നവർക്കും എതിരെ വിജിലൻസിന് പരാതി പ്രവാഹം. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ജില്ലയിൽ 250 ലേറെ പരാതികളാണ് വിജിലൻസിന് ലഭിച്ചത്. നൂറിലേറെ കടകളിൽ പരിശോധന നടത്തി. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് രഹസ്യമായാണ് വിജിലൻസ് പരിശോധന.
ചെറിയ ഉള്ളി, സവാള, വെളിച്ചെണ്ണ, പച്ചരി, പഞ്ചസാര എന്നിവയ്ക്ക് അധിക വില ഈടാക്കുന്നതായാണ് എറെ പരാതികളും. ചെറിയ ഉള്ളി കിലോയ്ക്ക് 70 രൂപ വിലയുണ്ടായിരുന്നപ്പോൾ 140 രൂപ വരെ വാങ്ങിയവരുണ്ട്. 100 രൂപയ്ക്ക് കൊടുത്ത കച്ചവടക്കാരും ഉണ്ട്. 40 രൂപ വിലയുണ്ടായിരുന്ന സവാളയ്ക്ക് 70 മുതൽ 90 രൂപ വരെ ഈടാക്കിയവരുണ്ട്. കേര വെളിച്ചണ്ണ അര ലിറ്റർ പായ്ക്കറ്റുകൾ മാത്രം വിൽക്കുന്ന കടക്കാരുമുണ്ട്. ഒരു ലിറ്ററിന് 205 രൂപയാണ് പലേടത്തും വാങ്ങുന്നത്. എന്നാൽ അര ലിറ്റർ പായ്ക്കറ്റ് 110 മുതൽ 120 രൂപയ്ക്ക് വരെ വിൽക്കാൻ കഴിയുന്നതാണ് കാരണം.
പച്ചരിക്കും പഞ്ചസാരയ്ക്കുമെല്ലാം ഇത്തരത്തിൽ അമിത വില ഈടാക്കുന്നുണ്ട്. സാധനങ്ങൾക്ക് അമിത വിലയാണെന്ന് പറയുന്നവർക്ക് സാധനം കൊടുക്കാതിരിക്കുകയും ഉപഭോക്താക്കളെ ആക്ഷേപിക്കുകയും ചെയ്യുന്നതായും ആരോപണമുണ്ട്. പൂഴ്ത്തിവയ്പിനും അമിത വില ഈടാക്കുന്നതിനും എതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് വിജിലൻസിന് ലഭിച്ച നിർദ്ദേശം.
''
നേരത്തെ വിജിലൻസിൽ നിന്ന് തന്നെ റെയ്ഡ് വിവരം ചോർന്നിരുന്നു. എന്നാലിപ്പോൾ അതില്ലാത്തത് കൊള്ളവില ഈടാക്കുകയും പൂഴ്ത്തിവയ്പ് നടത്തുന്നവർക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ നിന്നാണ് കൂടുതൽ പരാതികൾ ലഭിക്കുന്നത്.
അശോക് കുമാർ, ഡിവൈ.എസ്.പി
വിജിലൻസ്, കൊല്ലം