dog
കടവൂർ ബൈപാസ് പാലത്തിന് സമീപം തെരുവ് നായകൾക്ക് ആഹാരം നൽകുന്ന ഷേർളി

അഞ്ചാലുംമൂട്: കടവൂർ ബൈപാസ് പാലത്തിന് സമീപം തമ്പടിച്ച തെരുവ് നായകൾക്ക് ആഹാരവുമായി എത്തുന്ന യുവതിയുടെ മുഖം കടവൂരുകാർക്ക് ഇപ്പോൾ വളരെ പരിചിതമാണ്. കാരണം ഏറെ നാളായി അവർ കാണുന്ന കാഴ്ചയാണത്.

കടവൂർ മതിലിൽ ബിന്ദു ഭവനിൽ ഷേർളിയാണ് തെരുവിൽ അലയുന്ന പത്തിലധികം മിണ്ടാപ്രാണികൾക്ക് എന്നും ആഹാരവുമായി കടവൂരിൽ എത്തുന്നത്. നോമ്പ് കാലത്ത് തുടങ്ങിയ അന്നദാനം ഇപ്പോൾ നാല്പത്തിയഞ്ച് ദിവസം പിന്നിട്ടു. നായ്ക്കൾ കൂടുതൽ ഇടപഴകാറില്ലെങ്കിലും എല്ലാദിവസവും തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഷേർളിക്കറിയാം. അതുകൊണ്ട് തന്നെ ഒരു ദിവസവും മുടക്കമില്ലാതെ ഇവയ്ക്ക് ആഹാരമെത്തിക്കണമെന്നാണ് ഷേർളിയുടെ ആഗ്രഹം.

എന്തിന് വേണ്ടിയാണ് നായ്ക്കൾക്ക് ആഹാരം നൽകുന്നതെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഷേർളിക്ക് ഒരു മറുപടി മാത്രം, 'നമ്മളല്ല അവരാണ് യഥാർത്ഥ ഭൂമിയുടെ അവകാശികൾ, ഇതിൽ തനിക്ക് കിട്ടുന്ന സംതൃപ്തി എത്ര പണം ചെലവാക്കിയാലും ലഭിക്കില്ല.'

 ഷേർളിയുടെ പാത പിന്തുടർന്നാൽ ഇരുചക്രവാഹനം സമ്മാനം !

'ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ ' എന്നുപറഞ്ഞ് ഷേർളിയുടെ പ്രവൃത്തിയെ തള്ളിക്കളയുന്നവർ ഒന്നുകൂടി അറിയുക. കൊല്ലം നഗരത്തിലെ പത്തോളം പി.എസ്‌.സി പരിശീലന കേന്ദ്രങ്ങളിലെ അദ്ധ്യാപിക കൂടിയാണ് ഷേർളി. കൊവിഡ് കാലത്തിന് ശേഷം ഇസ്രായേലിൽ ജോലിക്കായി പോകാൻ തയ്യാറെടുക്കുകയാണ് ഈ നാൽപ്പത്തിയഞ്ചുകാരി. താൻ വിദേശത്തേക്ക് പോകുമ്പോൾ ഈ മിണ്ടാപ്രാണികൾക്ക് ആഹാരമെത്തിച്ച് നൽകാൻ തയ്യാറായി വരുന്നവർക്ക് തന്റെ ഇരുചക്രവാഹനം സമ്മാനമായി നൽകുമെന്ന് ഷേർളി പറയുന്നു.

ഷേർളിയുടെ മകൻ ജെറി ജോർജ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും മകൾ ജ്വാല ജോർജ് റഷ്യയിൽ ഒന്നാം വർഷ എം.ബി.ബി.എസ്‌ വിദ്യാർത്ഥിനിയുമാണ്.