ലക്ഷണമൊത്ത വില്ലൻ കഥാപാത്രങ്ങളിലൂടെയും ഘന ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് ഷമ്മി തിലകൻ.എന്നാൽ ഈ ഷമ്മി തിലകൻ നൃത്തം ചെയ്യുമെന്ന് എത്രപേർക്ക് അറിയാം? എന്നാൽ കേട്ടോളൂ , ഭരതനാട്യം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട് ഷമ്മി തിലകൻ. താരം തന്നെയാണ് ചിത്രങ്ങൾ ഫേസ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഭരതനാട്യത്തിന്റെ അരങ്ങേറ്റത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയിൽ നിന്നുമാണ് ഷമ്മി ഭരതനാട്യം പഠിച്ചത്. വേദിയിൽ നൃത്തം ചെയ്യുന്നതിന്റേയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയ്ക്ക് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങുന്നതിന്റേയും ചിത്രങ്ങളാണ് താരം പങ്കുവച്ചിരുന്നത്. ചിത്രങ്ങൾ കണ്ട ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്. രസകരമായ കമന്റുകളാണ് ആരാധകർ നൽകുന്നത്.
അതേസമയം, ഷമ്മിയിലെ നടനെ വേണ്ട പോലെ ഉപയോഗിക്കാനായില്ലെന്നും ഇനിയും അദ്ദേഹത്തെ തേടി വ്യത്യസ്തമായ വേഷങ്ങൾ എത്തട്ടെയെന്നും ആരാധകർ പറയുന്നു. എന്നാൽ ആ പ്രതീക്ഷ കുറഞ്ഞുതുടങ്ങിയെന്ന് ഷമ്മി തിലകനും മറുപടി കുറിച്ചിട്ടുണ്ട്. സംവിധായകൻ ഹരിഹരൻ സംവിധാനം ചെയ്യുവാൻ പോകുന്ന കുഞ്ചൻ നമ്പ്യാർ ചെയ്യാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നുവെന്നും ഷമ്മി തിലകൻ കമന്റുകളിൽ പറയുന്നു. അഭിനയം,ഡബ്ബിങ്,പാട്ട്, നൃത്തം മാത്രമല്ല ചിത്ര രചനകൂടി ഒപ്പമുണ്ടെന്ന് നടൻ പറയുന്നു.