പ്രധാന കവലകളിൽ ഗതഗാതക്കുരുക്ക്
കാറുകളുടെ എണ്ണം കൂടി
കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടർച്ചയായി അവഗണിച്ച് പൊതു ഇടങ്ങൾ സജീവമായി. ജില്ലാ ആസ്ഥാനമായ കൊല്ലം നഗരവും ഗ്രാമീണ മേഖലകളും ഒരുപോലെ ജനത്തിരക്കിൽ അമരുകയാണ്. വിഷു തലേന്ന് തുടങ്ങിയ തിരക്ക് ഇന്നലെയും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. സത്യവാങ്മൂലം പൂരിപ്പിച്ച് കൈയിൽ കരുതി മതിയായ കാരണങ്ങളുമായാണ് മിക്കവരും നിരത്തിലിറങ്ങുന്നത്.
സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് നിയന്ത്രണമുണ്ട്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ അടഞ്ഞ് കിടക്കുന്നു, സ്‌കൂളുകളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല, അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്, സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയായിട്ടും നിരത്തിൽ തിരക്ക് വർദ്ധിക്കുന്നതിന്റെ കാരണം വ്യക്തമല്ല. കാറുകളുടെ എണ്ണം വലിയ തോതിൽ ഉയർന്നത് വിഷു തലേന്ന് മുതലാണ്. സാധാരണ പ്രവർത്തി ദിവസങ്ങളിൽ നിരത്തിലുണ്ടാകാറുള്ള അത്രയും കാറുകൾ ഇന്നലെ ജില്ലയിലെ റോഡുകളിൽ ഉണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം പ്രധാന ജംഗ്ഷനുകളിലൊന്നും നടപ്പാക്കാനാകുന്നില്ല. പ്രധാന കവലകളിലെല്ലാം ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്. ബാങ്കുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ തിരക്കുകൾ നിയന്ത്രണാതീതമായി തുടരുകയാണ്.
സത്യവാങ്മൂലത്തിന്റെ ശരിയെന്ത് ?
വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘത്തിന് മുന്നിൽ സത്യവാങ്മൂലം കാണിച്ചാണ് മിക്കവരുടെയും യാത്ര. സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തുന്ന കാരണം കളവാണെന്ന് ബോദ്ധ്യപ്പെട്ടാലും റോഡിലെ തിരക്ക് കാരണം കൂടുതൽ വിവരങ്ങൾ ചോദിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഒരു വാഹനം തടഞ്ഞുനിറുത്തി ഒരു മിനിട്ട് സംസാരിച്ചാൽ വലിയ ഗതാഗത കുരുക്ക് ഉണ്ടാകുന്ന സാഹചര്യമാണുള്ളത്.