ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഒഴുകുപാറ പാറത്തോട്ടിൽ നിന്ന് അണലിയെയും കുഞ്ഞുങ്ങളെയും പിടികൂടി വനം വകുപ്പിന് കൈമാറി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തക്കാരൻ ചാവരുകാവ് സുരേഷ് എത്തിയാണ് ഇവയെ പിടികൂടിയത്. കൂനംകുളം വയലിൽ നിന്ന് പോളച്ചിറ ഏലായിലേക്ക് വെള്ളം ഒഴുകുന്ന ഒഴുകുപാറ തോട്ടിൽ ഒഴുകുപാറ ജംഗ്ഷനും പാർക്ക് ജംഗ്ഷനും മദ്ധ്യേയുള്ള ഭാഗത്താണ് ഇന്നലെ രാവിലെ പ്രദേശവാസികൾ നാലടിയോളം നീളമുള്ള അണലിയെ കണ്ടത്. ഉടൻ പ്രദേശവാസികൾ ചാവരുകാവ് സുരേഷിനെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു. സുരേഷെത്തി തോടിന്റെ കല്ലുകെട്ടുകൾക്കിടയിൽ കയറിയിരുന്ന അണലിയെ പിടികൂടി. വീണ്ടും ആ ഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് പന്ത്രണ്ടോളം കുഞ്ഞുങ്ങളെ കണ്ടെത്തിയത്. അഞ്ചൽ ഫോറസ്റ്റ് ഓഫീസിസറുടെ നിർദ്ദേശ പ്രകാരം അണലിയെയും കുഞ്ഞുങ്ങളെയും വനം വകുപ്പ് അഞ്ചൽ ഓഫീസിൽ കൈമാറി. ഗ്രാമ പഞ്ചായത്തംഗങ്ങളായ സിന്ധുമോൾ, ശ്രീലത, സാമൂഹിക പ്രവർത്തകരായ പ്രേം ഒഴുകുപാറ, ഹരീഷ്, രാജേഷ് തുടയങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. വർഷകാലം ആരംഭിച്ചാൽ ആറു മാസത്തോളം ഈ തോട്ടിൽ വെള്ളം ഒഴുക്കുള്ളതാണ്. തോട്ടിന്റ ഇരുവശങ്ങളും പാറക്കെട്ടുകൾ ഇളകിയ നിലയിലാണ്.