ചവറ: കൊല്ലം സിറ്റി പൊലീസിന് ആവശ്യമായ സാനിറ്റൈസർ ചന്ദനത്തോപ്പ് ബി.ടി.സിയിൽ നിന്ന് നിർമ്മിച്ച് നൽകും. ആദ്യഘട്ടമായി 50 ലിറ്റർ സാനിറ്റൈസർ കൈമാറി. എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് കെ. ബാലൻ ഐ.ടി.ഐ ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് എം.എസ്. നഹാസിന്റെ പക്കൽ നിന്ന് സാനിറ്റൈസർ ഏറ്റുവാങ്ങി.
പൊലീസിന് ആവിശ്യമുള്ള അത്രയും സാനിറ്റൈസർ നിർമ്മിച്ച് നൽകാൻ തയ്യാറാണെന്ന് ബി.ടി.സി പ്രിൻസിപ്പൽ എൽ. മിനി പറഞ്ഞു. ക്യാമ്പ് എ.സി. രാജു, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, സംസ്ഥാന സമിതി അംഗം എച്ച്. സുരേഷ് കുമാർ, നോഡൽ ഓഫീസർ രാമചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
കെ.പി.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസുമായി സഹകരിച്ചാണ് സാനിറ്റൈസർ പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കുന്നത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണ് ബി.ടി.സിയിലെ കെമിക്കൽ പ്ലാന്റ് ട്രേഡിലെ ഇൻസ്ട്രക്ടർമാർ സാനിറ്റൈസർ നിർമ്മിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.