ഉന്തുവണ്ടി കച്ചവടങ്ങൾ തിരികെയെത്തുന്നു
കൊല്ലം: ഗ്രാമീണ വിപണികൾ പോലും സൂപ്പർ മാർക്കറ്റുകൾക്ക് വഴിമാറിക്കൊടുത്തപ്പോൾ നാട്ടിടവഴികളിൽ നിന്ന് അകന്നുപോയ ഉന്തുവണ്ടി കച്ചവടങ്ങൾ തിരികെ വരുന്നു. ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങളിൽ തന്നെ കൂടുതൽ ഗ്രാമീണ വഴികളിലേക്ക് സഞ്ചരിച്ച് ജനങ്ങളിലേക്കെത്താൻ കൺസ്യൂമർഫെഡിന്റെ മൊബൈൽ ത്രിവേണികൾക്ക് കഴിഞ്ഞിരുന്നു. ലോക്ക് ഡൗണിൽ തൊഴിലും വരുമാനവും നിലച്ച യുവാക്കൾ മൊബൈൽ ത്രിവേണികളുടെ മാതൃകയിൽ പച്ചക്കറി, നാളികേരം, ഏത്തക്കുല തുടങ്ങി അവശ്യ സാധനങ്ങളുമായി നാട്ടിടങ്ങളിലേക്കിറങ്ങി. കടകൾ കുറവുള്ള ഗ്രാമീണ വഴികളാണ് കൂടുതലായി തിരഞ്ഞെടുത്തത്. ഇതോടെ ഉപഭോക്താക്കൾക്കും വിൽപ്പനക്കാർക്കും ഒരുപോലെ ഗുണകരമാകുന്ന തരത്തിൽ മൊബൈൽ മാർക്കറ്റുകൾ ഹിറ്റായി. ആട്ടോറിക്ഷകൾ, ചെറിയ വാനുകൾ, ഒമ്‌നി വാനുകൾ, കാർ തുടങ്ങി സ്‌കൂട്ടർ വരെ മൊബൈൽ മാർക്കറ്റുകളായി ഉപയോഗിക്കുന്നുണ്ട്. മൊബൈൽ നമ്പരിൽ വിളിച്ചാൽ സാധനങ്ങൾ വീട്ടിലെത്തിക്കാനും ഇവർ സൗകര്യമൊരുക്കി. പച്ചക്കറിയും മത്സ്യവും മാത്രമല്ല ഊണും ബിരിയാണിയും കപ്പയും വരെ വീട്ടിലെത്തിക്കുന്ന പുതിയ വിപണന സാദ്ധ്യതകളും ലോക്ക് ഡൗൺ തുറന്നിട്ടു. യുവാക്കളുടെയും വീട്ടമ്മമാരുടെയും സംഘങ്ങൾ ഭക്ഷണം തയ്യാറാക്കി ആവശ്യക്കാരിലേക്ക് എത്തിച്ചു കൊടുത്തപ്പോൾ ദിവസം കഴിയും തോറും ആവശ്യക്കാർ കൂടുകയാണ്.
വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നാട്ടിലെ താരങ്ങൾ
നാട്ടിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് ബിരിയാണി, കപ്പ ബിരിയാണി, കിഴി പൊറോട്ട തുടങ്ങിയവയുടെ വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കുന്നത്. ആവശ്യക്കാർ വിളിക്കേണ്ട നമ്പരും നൽകും. പരീക്ഷണമെന്നോണം തുടങ്ങിയ പാചകവും മൊബൈൽ മാർക്കറ്റുമൊക്കെ പ്രതീക്ഷിക്കാതെ വിജയിച്ചതിനാൽ ലോക്ക് ഡൗണിന് ശേഷവും ജീവിത മാർഗമായി ഇതിനെ തിരഞ്ഞെടുക്കാനാണ് സംരംഭകരിൽ മിക്കവരുടെയും നീക്കം.