പത്തനാപുരം: ഫയർ ഫോഴ്‌സിന്റെ സഹായ ഹസ്തം അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്കും. സഹായം അഭ്യർത്ഥിച്ച രോഗികൾക്ക് അവശ്യമരുന്നുകൾ ഫയർഫോഴ്സ് എത്തിച്ചു നൽകി. തമിഴ്നാട്ടിലെ തിരുനെൽവേലി, കടയനല്ലൂർ, ശ്രീവില്ലിപുത്തൂർ എന്നിവിടങ്ങളിലെ രോഗികൾക്കാവശ്യമുള്ള മരുന്നുകളാണ് എത്തിച്ചുനൽകിയത്. കഴിഞ്ഞ ദിവസം പുനലൂർ ഫയർ സ്റ്റേഷനിൽ ലഭിച്ച സന്ദേശം കൊല്ലം ഫയർഫോഴ്‌സ് കൺട്രോൾ റൂമിലേക്ക് കൈമാറി. അവിടെ നിന്ന് മരുന്നുകൾ വാങ്ങി പത്തനാപുരം ഫയർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മരുന്നുകൾ ജില്ലാ അതിർത്തിയായ ആര്യങ്കാവിൽ വച്ച് പത്തനാപുരം ഫയർ ഫോഴ്‌സ് അധികൃതർ ചെങ്കോട്ട പൊലീസിന് കൈമാറി.