phot
തമിഴ്നാട് സ്വദേശികൾ താമസിച്ചിരുന്ന ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം ആറുമുറിക്കടയിലെ സ്വകാര്യ റിസോർട്ട് തെന്മല പൊലീസ് അടച്ച് പൂട്ടുന്നു

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് വനപാതയിലൂടെ കാൽനടയായെത്തി ഇടപ്പാളയം ആറുമുറിക്കടയിലെ റിസോർട്ടിൽ താമസിച്ച യുവതിയെയും യുവാവിനെയും പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വിളക്കുടിയിൽ ഐസൊലേഷനിലാക്കി. റിസോർട്ടും തെന്മല പൊലീസ് അടച്ചുപൂട്ടി.

ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. റിസോർട്ടിലെ പുതിയ താമസക്കാരെ കണ്ട് സംശയം തോന്നിയ സമീപവാസികൾ തെന്മല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തെന്മല സി.ഐ എം. വിശ്വംഭരന്റെ നേതൃത്വത്തിൽ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇരുവരെയും ഐസൊലേഷനിലാക്കുകയായിരുന്നു.

തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകാൻ ബുധനാഴ്ച വൈകിട്ട് ഇവർ ബൈക്കിൽ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എത്തിയിരുന്നു.

എന്നാൽ പൊലീസ് മടക്കി അയക്കുകയായിരുന്നു. പിന്നീട് ഇവർ വനപാത വഴി നടന്ന് ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ എത്താതെ സന്ധ്യയോടെ ഇടപ്പാളയം ആറുമുറിക്കടയിലെ റിസോർട്ടിൽ എത്തുകായിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ എത്തിയ ഇവരെ കോട്ടവാസൽ ഭാഗത്തെ യുവാക്കളാണ് വനപാത വഴി ഇടപ്പാളയത്തെ റിസോർട്ടിലെത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തോടെ കിഴക്കൻ മേഖലയിലെ വനാന്തരങ്ങളിൽ വനപാലകർ പരിശോധന കർശനമാക്കി. തമിഴ്നാട്ടിലെ സിനിമ പ്രവർത്തകരെന്ന് സംശയിക്കുന്ന ഇവർ ഇടപ്പാളയത്തെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.