552 കേസുകളിലായി 501 വാഹനങ്ങളും പിടിച്ചെടുത്തു
കൊല്ലം: ലോക്ക് ഡൗൺ നിയമലംഘനം വർദ്ധിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ ശക്തമായ പരിശോധനകളിൽ ഇന്നലെ ജില്ലയിൽ 553 പേർ അറസ്റ്റിലായി. 552 കേസുകളിലായി 501 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. നിയമലംഘനങ്ങൾ കണ്ടെത്താൻ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. നിയമ ലംഘകർക്കെതിരെ 13 മുതൽ 15 വരെ കൊല്ലം സിറ്റി പൊലീസ് പരിധിയിൽ 1143 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇന്നലെ സിറ്റി പൊലീസ് 291 കേസുകളിലായി 291 പേരെ അറസ്റ്റ് ചെയ്ത് 253 വാഹനങ്ങൾ പിടിച്ചെടുത്തു. കൊല്ലം റൂറൽ പൊലീസ് 261 കേസുകളിലായി 262 പേരെ അറസ്റ്റ് ചെയ്ത്, 248 വാഹനങ്ങൾ പിടിച്ചെടുത്തു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ നിയമനടപടി സ്വീകരിക്കും. ഇക്കാര്യതത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ജില്ലാ പൊലീസ് മേധാവിമാർ നിർദ്ദേശം നൽകി. അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്. താത്കാലിക തിരിച്ചയൽ കാർഡ് തൊഴിലാളികൾക്ക് പൊലീസ് വിതരണം ചെയ്തു. റൂറൽ പൊലീസ് ജില്ലയിൽ 6,115 തൊഴിലാളികൾക്കാണ് കാർഡ് നൽകിയത്.
''
സാമൂഹിക അകലം പാലിക്കണം. അവശ്യ സാധനങ്ങൾ വീടിനടുത്തെ കടകളിൽ നിന്ന് വാങ്ങണം. അനാവശ്യമായി പുറത്തിറങ്ങിയാൽ നിയമ നടപടി നേരിടേണ്ടി വരും.
ടി.നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ
''
ലോക്ക് ഡൗൺ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും.
ഹരിശങ്കർ, റൂറൽ എസ്.പി