che
ചേന്നല്ലൂർ ഫാഷൺ ഹോംസ് എം.ഡി മെഹർ ഖാൻ ഭാര്യ ജാരിയത് മക്കളായ ആദിൽ.എം.ഖാൻ, ആഷിക്.എം.ഖാൻ, അമാൻ. എം.ഖാൻ

കൊവിഡ് ദുരിതകാലത്ത് സൂര്യശോഭയോടെ തിളങ്ങുന്ന കാരുണ്യത്തിന്റെ പ്രതീകമാണ് ചേന്നല്ലൂർ ഫാഷൻ ഹോംസ് ഉടമ മെഹർഖാൻ. ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് സമീപം ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ചേന്നല്ലൂർ ഫാഷൻ ഹോംസ് എന്ന സ്ഥാപനം തെക്കൻ കേരളത്തിലെ അറിയപ്പെടുന്ന വ്യാപാര കേന്ദ്രമാണ്. ഇല്ലായ്മയുടെ വിളികൾ കേട്ടാൽ മെഹർഖാൻ ബാദ്ധ്യതകളെല്ലാം മാറ്റിവച്ച് സാന്ത്വനത്തിന്റെ ദിവ്യസ്പർശമാകും. ''എന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞ ശേഷം ആരെയെങ്കിലും സഹായിക്കാമെന്ന് കരുതിയാൽ അങ്ങനൊരു കാലം ഉണ്ടായേക്കില്ല. കാരണം ഞാൻ എ.പി.ജെ അബ്ദുൾ കലാമിനെ പോലെ നിരന്തരം സ്വപ്നങ്ങൾ കാണുകയാണ്." മെഹർഖാന്റെ ഈ വാക്കുകൾ നബി തിരുമേനിയെയും ക്രിസ്തുവിനെയും ഗുരുദേവനെയും ഗാന്ധിജിയെയും ഒരുപോലെ പ്രതിഷ്ഠിച്ച ഒരു ഹൃദയത്തിന്റെ വെളിപ്പെടുത്തലാണ്.

മെഹർഖാൻ എന്ന വ്യത്യസ്തനായ മനുഷ്യനെ സൃഷ്ടിച്ചത് പ്രൗഢമായ പാരമ്പര്യമാണ്. മുത്തച്ഛൻ അലിയാരുകുഞ്ഞ് മാവേലിക്കര രാജാവിന്റെ കുതിരപ്പടയിലെ ഭടനായിരുന്നു. ഒരിക്കൽ കുതിരപ്പുറത്ത് നിന്ന് വീണ് ജോലിയിൽ തുടരാനാകാത്ത അവസ്ഥയായി. നെഞ്ചുറപ്പോടെ കൂടെ നിന്ന ഭടന് ശിഷ്ടകാലം സുഖമായി ജീവിക്കാൻ രാജാവ് കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഭൂമിയും കിഴി നിറയെ സ്വർണവും നൽകി.. വിശിഷ്ട സേവനത്തിനുളള അംഗീകാരമായ രാജമുദ്ര ചാർത്തിയ പതക്കം ഒഴികെ ബാക്കിയെല്ലാം നിരസിച്ച് അലിയാരുകുഞ്ഞ് മടങ്ങി. പിതാവ് ചേന്നല്ലൂർ തങ്ങൾ കുഞ്ഞ് മുസലിയാർ കരുനാഗപ്പള്ളി താലൂക്കിലെ ഏറ്റവും പ്രമുഖനായ തടിമില്ല് വ്യവസായിയായിരുന്നു. വരുമാനത്തിന്റെ 40 ശതമാനത്തോളം പാവങ്ങളെ സഹായിക്കാൻ നീക്കിവച്ച പിതാവിന്റെ മകന് എങ്ങനെ ഇല്ലായ്മകളുടെ വിളികൾക്ക് മുന്നിൽ കണ്ണടച്ച് കേവലം ബിസിനസുകാരൻ മാത്രമാകാൻ കഴിയും.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമൂഹത്തിന്റെ അംഗീകാരമായി ചേന്നല്ലൂർ ഫാഷൻ ഹോംസിലെ മെഹർ ഖാന്റെ ഓഫീസ് മുറിയിൽ നിറയെ മൊമന്റോകൾ നിരന്നിരിപ്പുണ്ട്. സി.ടി.എം ട്രസ്റ്റ് സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ജില്ലാ സെക്രട്ടറി, മനുഷ്യാവകാശ നീതി ഫോറം താലൂക്ക് സെക്രട്ടറി, ടൈൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ജമാഅത്ത് കൗൺസിൽ ജില്ലാ സെക്രട്ടറി, ഓച്ചിറ ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

കാരുണ്യമെല്ലാം പിതാവിന്റെ പേരിൽ.

പിതാവിന്റെ പേരിൽ രൂപീകരിച്ച സി.ടി.എം ട്രസ്റ്റിന്റെ (ചേന്നല്ലൂർ തങ്ങൾ കുഞ്ഞ് മുസലിയാർ ട്രസ്റ്റ്) നേതൃത്വത്തിലാണ് മെഹർഖാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. എല്ലാവർഷവും രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഇരുപതോളം വിദ്യാർത്ഥികളെ ദത്തെടുത്ത് പഠിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കായി നിരന്തരം ബോധവത്കരണ ക്ലാസുകൾ. കായംകുളം പോളിടെക്‌നിക്കുമായി ചേർന്ന് 200 ഓളം പാവപ്പെട്ട സ്ത്രീകൾക്ക് തൊഴിൽ പരിശീലനം. ഇതിനെല്ലാം പുറമെ എല്ലാവർഷവും പാവപ്പെട്ട ഒരാൾക്ക് വീടും വച്ച് നൽകും. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ പണി ഇപ്പോൾ പുരോഗമിക്കുകയാണ്. നേരത്തെ സ്വന്തമായി നടത്തിയിരുന്ന സൗജന്യ ആംബുലൻസ് സർവ്വീസ് പത്തനാപുരം ഗാന്ധിഭവന് കൈമാറി. സ്ഥാപനത്തിലെ ജീവനക്കാരുമായി ചേർന്ന് മാസത്തിൽ അഞ്ച് തവണ പാവങ്ങൾക്ക് ചികിത്സാ ധനസഹായം നൽകുന്നുണ്ട്. ഇതിന്റെ ഒരു പങ്ക് ജീവനക്കാരാണ് വഹിക്കുന്നത്. യോഗ്യരായവരെ കണ്ടെത്തുന്നതും ജീവനക്കാരാണ്.

ലാഭക്കൊതിയില്ലാത്ത കച്ചവടക്കാരൻ

"ലാഭം ഉണ്ടാക്കാനായി കച്ചവടത്തിനിറങ്ങരുത്. ജനം ആഗ്രഹിക്കുന്ന സേവനം നൽകിയാൽ അവർ തിരിച്ചും സഹായിക്കും." ഇതാണ് മെഹർഖാന്റെ ബിസിനസ് പോളിസി. നാല് വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ പിതാവ് ഏൽപ്പിച്ച ചേന്നല്ലൂർ ഫാഷൻ ഹോംസ് ജനപ്രിയ സ്ഥാപനമായി മാറിയതിന്റെ രഹസ്യവും ഇതാണ്.

എത്ര നഷ്ടം സഹിച്ചായാലും ഉപഭോക്താക്കളുടെ എല്ലാ പരാതികളും പരിഹരിക്കും. കൊല്ലം ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ബിസിനസ്. കജാരിയ, ആർ.എ.കെ, സൊമാനി, ജോൺസൺ, ഏഷ്യൻ തുടങ്ങിയ സെറാമിക് ടൈൽ കമ്പനികളുടെ ഡീലറാണ്. ഏഷ്യൻ കമ്പനിയുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിൽ അഖിലേന്ത്യാ തലത്തിൽ ഏഴാം സ്ഥാനത്തും കേരളത്തിൽ ഒന്നാമതുമാണ്. കജാരിയ, സോമാനി തുടങ്ങിയ കമ്പനി ഉലപ്പന്നങ്ങളുടെ വിപണനത്തിൽ കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഒന്നാമതായിരുന്നു. വലിയ അളവിൽ സ്റ്റോക്ക് എടുക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഡിസ്കൗണ്ട് നൽകിയാണ് കച്ചവടം.

ചേന്നല്ലൂർ വീടൊരു സ്വർഗ്ഗ രാജ്യം

ഓച്ചിറ മേമനയിലെ ചേന്നല്ലൂർ തറവാട്ടിലാണ് മെഹർഖാന്റെ താമസം. പ്ലസ് ടു വിദ്യാർത്ഥിയായ മൂത്തമകൻ ആദിൽ എം. ഖാൻ, പ്ലസ് വൺ വിദ്യാർത്ഥി രണ്ടാമത്തെ മകൻ ആശിഖ്. എം. ഖാൻ, എട്ടാം ക്ലാസുകാരനായ ഇളയമകൻ അമാൻ എം.ഖാൻ എന്നിവർ ലോക്ക് ഡൗൺ ആയതിനാൽ ട്യൂഷൻ പോലും ഇല്ലാതെ വീട്ടിൽ കളിയും ബഹളവുമാണ്. ഭാര്യ ജാരിയത്തിന് ഇപ്പോൾ അടുക്കളയിൽ നിന്നിറങ്ങാൻ സമയമില്ല.

പണ്ട് വീടിനോട് ചേർന്ന് വിശാലമായ ഫാം ഉണ്ടായിരുന്നു. പത്ത് പശുക്കൾ, അനേകം ആടുകൾ, നൂറ് കണക്കിന് കോഴിയും താറാവും പിന്നെ മത്സ്യക്കുളവും. ബിസിനസിലും സാമൂഹ്യ പ്രവർത്തനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഫാം നിർത്തി. ഇപ്പോൾ പറമ്പ് നിറയെ പയറും കോവലും വഴുതനയും വെണ്ടയ്ക്കയും ചീരയും പൂത്തുലഞ്ഞ് നിൽക്കുകയാണ്. ലോക്ക് ഡൗൺ ആയതോടെ ബിസിനസ് കാര്യങ്ങൾക്ക് മാറ്റിവച്ചിരുന്ന സമയം മെഹർഖാൻ ഇപ്പോൾ തോട്ടത്തിലാണ് വിനിയോഗിക്കുന്നത്. പയറും കോവലും വഴുതനയുമൊക്കെ ആദ്യം പറിച്ച് അയൽവാസികൾക്ക് നൽകും. ബാക്കിയുള്ളതാണ് സ്വന്തം വീട്ടിലേക്കെടുക്കുന്നത്.

സ്ഥിരമായി ധരിക്കുന്ന ഖദർ ഷർട്ടിട്ട് മെഹർഖാൻ ഇടയ്ക്ക് വീട്ടിൽ നിന്നൊന്ന് മുങ്ങും. രാവിലെ ഓച്ചിറ സ്റ്റേഷനിൽ സാനിറ്റൈസറും മാസ്കും ഹാൻഡ് വാഷുമൊക്കെ നൽകിയിട്ട് വന്നതേയുള്ളു. ഓച്ചിറ പഞ്ചായത്തിലെ 200 ഓളം കിടപ്പ് രോഗികൾക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിക്കും. സ്ഥാപനം അടച്ചിട്ടിരിക്കുന്നതിനാൽ നൂറോളം ജീവനക്കാരുടെ കുടുംബം പട്ടിണിയാകാതിരിക്കാൻ പലവ്യഞ്ജന കിറ്ര് നൽകിയിരുന്നു. കരുനാഗപ്പള്ളിയിലെ 250 ഫ്ലോറിംഗ് തൊഴിലാളികൾക്കും സൗജന്യമായി ഭക്ഷ്യധാന്യ കിറ്റ് നൽകി.