വില വർദ്ധനവ് തൊഴിലാളികളുടെ ആവശ്യപ്രകാരം
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ശക്തമായ ആവശ്യത്തെ തുടർന്ന് കൊല്ലം തീരത്ത് നിന്ന് പോകുന്ന വള്ളങ്ങൾ എത്തിക്കുന്ന മത്സ്യങ്ങളുടെ വില ഉയർത്തി. ഇന്നലെ ചേർന്ന ഹാർബർ മാനേജ്മെന്റ് കമ്മിറ്റി യോഗമാണ് പുതിയ വില നിർണയിച്ചത്. നെയ്മീൻ, ചൂര, ചാള തുടങ്ങിയ ഇനങ്ങളുടെ വിലയാണ് പ്രധാനമായും വർദ്ധിപ്പിച്ചത്.
നേരത്തെ ലേലം നടക്കുമ്പോൾ മത്സരിച്ച് വിളിച്ച് വില ക്രമാതീതമായി ഉയരുമായിരുന്നു. ഇപ്പോൾ കിലോ കണക്കിന് വില നിശ്ചയിച്ചതോടെ മത്സ്യത്തൊഴിലാളികൾക്ക് നിശ്ചിത വിലയേ സ്ഥിരമായി കിട്ടുന്നുള്ളു. ഇത് മത്സ്യത്തൊഴിലാളികളിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളികളുടെ മനസ് നിറയുമ്പോൾ മത്സ്യം വാങ്ങുന്ന സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ് നിലവിൽ.
ചന്തകളിൽ വില കൂടും
ഹാർബറിലെ വില ഉയർന്നതോടെ ചന്തകളിലും മത്സ്യവില സ്വാഭാവികമായും വർദ്ധിക്കും. ഹാർബറിൽ നിന്ന് 180 രൂപയ്ക്ക് വാങ്ങുന്ന ചാള കച്ചവടക്കാർ ചന്തകളിൽ 300 രൂപയ്ക്കാണ് വിറ്റിരുന്നത്. കൊല്ലം തീരത്തെ വില ഔദ്യോഗികമായി ഉയർന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മത്സ്യത്തിന്റെ വിലയും വർദ്ധിക്കും.
ഇനം, ആദ്യം നിശ്ചയിച്ച വില, ഇപ്പോഴത്തെ വില (കിലോയ്ക്ക്)
നെയ്‌മീൻ ചെറുത്: 500 - 625
നെയ്‌മീൻ വലുത്: 570 - 700
ചൂര ചെറുത്: 200 - 250
പൊള്ളൻ ചൂര: 150 - 150
കണ്ണൻ അയല ചെറുത്: 230 - 240
കണ്ണൻ അയല വലുത്: 180 - 180
ചാള: 170 - 210
അയല: 270 - 290
നെത്തോലി: 100 - 100
തള- 140 - 160