ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേലിന്റെ അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്തു.വർഗീയത നിറഞ്ഞ ട്വീറ്റ് ചെയ്തതാണ് കാരണം. ഉത്തർപ്രദേശിലെ മൊറാദാബാദിൽ കൊവിഡ് ബാധിതനെ ആശുപത്രിയിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവർത്തകരെ നാട്ടുകാർ കല്ലെറിഞ്ഞുവെന്ന പ്രചാരണം ഏറ്റു പിടിച്ചായിരുന്നു മുസ്ലിം മതവിഭാഗത്തിനെതിരേ വർഗീയ വിമർശനവും ആരോപണങ്ങളുമായി രംഗോലി ട്വീറ്റ് ചെയ്തത്. കൊറോണ ബാധിതയായി ഒരു പെൺകുട്ടി മരിച്ചതിനെ തുടർന്ന് ആ കുടുംബത്തിലുള്ള മറ്റുള്ളവരെ പരിശോധിക്കാനെത്തിയ ഡോക്ടർമാരും പൊലീസുകാരും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതെന്നും ഇതിനു പിന്നിൽ മുസ്ലിങ്ങളാണെന്നുമായിരുന്നു ട്വീറ്റിൽ രംഗോലിയുടെ ആക്ഷേപം.
കങ്കണയുടെ വക്താവും മാനേജറും കൂടിയായ രംഗോലി ഇതിനു മുൻപും ട്വിറ്ററിൽ കൂടി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ട്വീറ്റിനെതിരേ സിനിമ രംഗത്തുള്ളവർ തന്നെ രംഗത്തെത്തിയിരുന്നു. രംഗോലിക്കെതിരേ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നാണ് സംവിധായിക റീമ കഗ്ടി പറഞ്ഞത്.
വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ഒരു പ്രത്യേക വിഭാഗത്തിനെതിരേ വെറുപ്പും വിദ്വേഷവും വളർത്തുകയാണ് രംഗോലി ചെയ്യുന്നതെന്നായിരുന്ന റീമയുടെ വിമർശനം. അഭിനേത്രി കുബ്ര സെയ്തും രംഗോലിക്കെതിരേ പ്രതികരിച്ചിരുന്നു. ഇതുപോലുള്ള വെറുപ്പിന്റെ വ്യാപാരികൾക്കെതിരേ എന്തുകൊണ്ട് പൊലീസ് നടപടിയെടുക്കുന്നില്ലെന്നായിരുന്നു കുബ്ര സെയ്തിന്റെ ചോദ്യം. നിരവധി പേരാണ് ഇതുപോലെ രംഗോലിക്കെതിരേ രംഗത്തു വന്നത്. രംഗോലിക്കെതിരേ വലിയ തോതിൽ ട്വിറ്ററിൽ റിപ്പോർട്ടിംഗും നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വീറ്റർ രംഗോലി ചന്ദേലിന്റെ അകൗണ്ട് സസ്‌പെൻഡ് ചെയ്തത്.