ലോക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച്‌ പുറത്തിറങ്ങി നടക്കുന്നവരെയും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പൊലീസിനെയും ആരോഗ്യ പ്രവർത്തകരേയും ആക്രമിക്കുകയും ചെയ്യുന്നവരെ രൂക്ഷമായി വിമർശിച്ച് സൽമാൻഖാൻ. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മൊറാദാബാദിൽ കൊവിഡ് വൈറസ് ബാധിതനായ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റാനായി എത്തിയ ഡോക്ടർമാരെയും പൊലീസിനെയും ചിലർ ആക്രമിച്ചുവെന്ന വാർത്തയാണ് സൽമാൻ ഖാന്റെ വിമർശനത്തിന് പിന്നിൽ. ഇത്തരത്തിലുള്ള ആക്രമികൾ രാജ്യത്തെ തകർക്കുകയാണെന്നാണ് വീഡിയോയിലൂടെ സൽമാൻ പറയുന്നത്.

"ആർക്കാണോ അവരുടെ കുടുംബത്തെ കൊല്ലണമെന്നുള്ളത് അവർ തീർച്ചയായും പുറത്തിറങ്ങും. ഇന്ത്യയിലെ ജനസംഖ്യ കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, നിങ്ങളുടെ വീട്ടിൽ നിന്നുതന്നെ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കണോ? നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പുറത്ത് കറങ്ങാൻ പോകുന്നില്ലെങ്കിൽ പൊലീസ് ഒരിക്കലും നിങ്ങളെ ചൂരലിന് തല്ലാൻ വരില്ല. പൊലീസ് ആസ്വദിച്ചാണതൊക്കെ ചെയ്യുന്നതെന്നാണോ നിങ്ങൾ കരുതുന്നത്?

ഡോക്ടർമാരും നഴ്‌സുമാരും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളവരെ കല്ലെറിയുന്നു. കൊറോണ പോസ്റ്റീവ് ആയവരെ കണ്ടുപിടിക്കാൻ അവർ ശ്രമിക്കുമ്പോൾ നിങ്ങൾ ആശുപത്രിയിൽ നിന്നും ഇറങ്ങി ഓടുകയാണ് ചെയ്യുന്നത്. നിങ്ങൾ എങ്ങോട്ട് ഓടും? ഡോക്ടർമാർ നിങ്ങളെ ചികിത്സിക്കുന്നില്ലെങ്കിൽ, പൊലീസുകാർ റോഡുകളിൽ നിങ്ങളുടെ സുരക്ഷയെ കരുതി പെട്രോളിംഗ് നടത്തുന്നില്ലെങ്കിൽ ഈ രോഗം വരില്ലെന്നു കരുതുന്നവരടക്കം നിരവധി മനുഷ്യരായിക്കും ഇവിടെ മരിച്ചു വീഴുന്നത്. പാവപ്പെട്ട മനുഷ്യർ ഒരു നേരത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുമ്പോഴാണ് കുറേ കോമാളികൾ കൊറോണ വൈറസിനെ ഇന്ത്യ മുഴുവൻ കാട്ടുതീപോലെ പടർത്താൻ നോക്കുന്നത്". സൽമാൻ വീഡിയോയിൽ പറഞ്ഞു.

മുംബൈ പൻവേലിയിലെ ഫാം ഹൗസിലാണ് ലോക് ഡൗൺ കാലത്ത് സൽമാന്റെ താമസം. മാതാവ് സൽമ ഖാൻ, സഹോദരിമാരായ അർപിത, അൽവിര എന്നിവരും അവരുടെ മക്കളും താരത്തിനൊപ്പം ഫാം ഹൗസിൽ ഉണ്ട്.