കൊല്ലം: കൊവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് ആയുർരക്ഷാ ക്ലിനിക്കുകൾക്ക് കൊല്ലത്തും തുടക്കമായി. രോഗപ്രതിരോധം, രോഗശമനം, രോഗമുക്തിക്ക് ശേഷമുള്ള പരിരക്ഷ എന്നിവയാണ് ഇതിലൂടെ സാദ്ധ്യമാക്കുന്നത്. പൊലീസുകാർ, ഫയർഫോഴ്‌സ്, ആരോഗ്യപ്രവർത്തകർ, മറ്റു സർക്കാർ ജീവനക്കാർ, അറുപത് വയസിന് മുകളിലുള്ളവർ തുടങ്ങിയവർക്ക് രോഗ പ്രതിരോധത്തിന് പ്രത്യേക പരിഗണന.


സർക്കാർ പ്രഖ്യാപിച്ച പദ്ധതികളായ, അറുപത് വയസിന് മുകളിലുള്ളവരെ പ്രത്യേകം പരിഗണിച്ച് ആരോഗ്യ പരിരക്ഷ നൽകുന്ന 'സുഖായുഷ്യം', രോഗ പ്രതിരോധത്തിന് ശരിയായ ഭക്ഷണ ക്രമം, മാനസികാരോഗ്യം, യോഗ, എന്നിവയടങ്ങിയ 'സ്വാസ്ഥ്യം', രോഗമുക്തി നേടിയവരെ പൂർണ ആരോഗ്യത്തിലേക്ക് കൊണ്ട് വരാനുള്ള പ്രത്യേക തുടർ ചികിത്സ ഉറപ്പാക്കുന്ന 'പുനർജനി', സർക്കാർ ആയുർവേദ ചികിത്സ സമ്പ്രദായത്തെയെല്ലാം പരസ്പരം ബന്ധിപ്പിച്ചുള്ള ഓൺലൈൻ പോർട്ടൽ സംവിധാനമായ 'നിരാമയ' എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതികളുടെ അടിസ്ഥാന പ്രവർത്തനമേഖലയായാണ് ആയുർവേദ ഡിസ്‌പെൻസറികളും ആശുപത്രികളും കേന്ദ്രീകരിച്ചുള്ള ആയുർരക്ഷാ ക്ലിനിക്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്.


കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലേഖാ വേണുഗോപാൽ ആശ്രാമത്ത് പ്രവർത്തിക്കുന്ന ജില്ലാ ആയുർവേദാ ആശുപത്രിയിൽ ക്ലിനിക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അഡ്വ. അനിൽ എസ് കല്ലേലിഭാഗം, ഐ.എസ്.എം ജില്ലാ മെഡിക്കൽ ഒഫീസർ ഡോ. അസുന്താമേരി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എ. അഭിലാഷ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ ആയുർവേദ ആശുപത്രികളിലും ഒട്ടുമിക്ക ഡിസ്‌പെൻസറികളിലും ആയുർരക്ഷാ ക്ലിനിക്കുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.