n-k-premachandran-

കൊല്ലം: തന്നെ അപകീർത്തിപ്പെടുത്താൻ സമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്ന മുളവന പേരയം എൻ.എസ്.എസ് ദേവീക്ഷേത്രത്തിന് സമീപം ഗോപികാഭവനത്തിൽ ഗോപിലാലിനെതിരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകി. പേരയം പഞ്ചായത്തിലെ സമൂഹിക അടുക്കള എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നിർദ്ദേശത്തെ തുടർന്ന് നിറുത്തിവയ്ക്കാൻ പോകുന്നുവെന്നും ഏപ്രിൽ 15 മുതൽ അന്നുവരെ ഭക്ഷണം ലഭിച്ചുകൊണ്ടിരുന്നവർക്ക് ഭക്ഷണം നൽകാൻ നടപടിയില്ലെന്നും നിലവിലുള്ള സമൂഹിക അടുക്കള നിറുത്തുന്നു എന്നുമുള്ള വ്യാജവാർത്തയാണ് സമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകൾക്കും കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസിന്റെ വ്യവസ്ഥകൾക്കും വിരുദ്ധവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകൃത്യവുമായതിനാൽ നിയമനടപടി സ്വീകരിക്കുന്നതിനായാണ് പരാതി നൽകിയത്. പൊലീസ് മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.