കോടികളുടെ നഷ്ടം
താഴുവീണത്
മാർച്ച് 24ന്
കൊല്ലം: ജീവിതത്തിന്റെ നൂലിഴകൾ പൊട്ടി പ്രതിസന്ധിയിലേക്ക് അനുദിനം വീഴുകയാണ് ചെറുകിട വസ്ത്രവ്യാപാരികൾ. ജില്ലയിൽ ആയിരക്കണക്കിന് ചെറുകിട വസ്ത്ര വ്യാപാരശാലകളാണുള്ളത്. തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ സംഘങ്ങൾ അടുത്തിടെ ജില്ലയെമ്പാടും പ്രാദേശികമായി ആരംഭിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പുരുഷന്മാരുടെയും പ്രത്യേക വസ്ത്രശാലകൾ കൂടി പരിഗണിക്കുമ്പോൾ എണ്ണം ഇനിയും ഉയരും.
ക്ഷേത്രങ്ങളിലെ പ്രാദേശിക ഉത്സവങ്ങൾ, ഈസ്റ്റർ, വിഷു തുടങ്ങിയ ആഘോഷങ്ങൾ മുന്നിൽ കണ്ട് പതിവിൽ കൂടുതൽ വസ്ത്രങ്ങൾ സംഭരിച്ചവരാണ് മിക്കവരും. മൂന്നാഴ്ചയിലേറെയായി കടകൾ അടഞ്ഞുകിടക്കുന്നതിനാൽ കരുതിവച്ച വസ്ത്രങ്ങൾ വിറ്റഴിക്കപ്പെട്ടില്ല. അദ്ധ്യയന വർഷാരംഭം മുന്നിൽ കണ്ട് നഴ്സറി കുട്ടികൾ മുതൽ സർവകലാശാല വിദ്യാർത്ഥികൾ വരെയുള്ളവരുടെ പുതിയ ട്രെൻഡിംഗ് വസ്ത്രങ്ങളും കാലേകൂട്ടി സംഭരിച്ചവരുണ്ട്. ലോക്ക് ഡൗണിന് ശേഷം വൻ സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്ന സമയത്ത് കരുതിവച്ച വസ്ത്രങ്ങൾ വിറ്റുപോകാനുള്ള സാദ്ധ്യത കുറവാണ്. കുഞ്ഞുങ്ങൾക്ക് കഴിഞ്ഞ വർഷം നാല് ഉടുപ്പുകൾ വാങ്ങിയ സാധാരണക്കാരൻ ഇത്തവണ രണ്ടായി കുറച്ചേക്കാം. ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് വസ്ത്രങ്ങൾ നേരിട്ട് കൊണ്ടുവരുന്നവരും കൊച്ചിയിലെയും കൊല്ലത്തെയും മൊത്തവ്യാപാരികളിൽ നിന്ന് ആവശ്യാനുസരണം എടുക്കുന്നവരും ജില്ലയിലെ ചെറുകിട വ്യാപാരികളിലുണ്ട്. മൊത്തവ്യാപാരികളിൽ നിന്ന് വസ്ത്രം കടമായെടുത്ത് വിൽപ്പന നടത്തി പണം തിരികെ കൊടുക്കുന്നവരും കുറവല്ല. സീസൺ കാലത്തേക്ക് പലിശയ്ക്ക് പണമെടുത്ത് വലിയ തോതിൽ വസ്ത്രങ്ങൾ സംഭരിക്കുന്നവരും ധാരാളം. ഇത്തരത്തിൽ കുടുംബം പോറ്റാൻ സാദ്ധ്യമായ എല്ലാ വഴികളും തേടുന്ന ചെറുകിട വസ്ത്ര വിൽപ്പനക്കാർക്ക് കണക്കെടുക്കാനാകാത്ത നഷ്ടമാണ് കൊവിഡ് കാലത്തെ ലോക്ക് ഡൗൺ സമ്മാനിച്ചത്. കഴിഞ്ഞ മാസം 24 മുതൽ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഒരു തവണ പോലും പിന്നീട് തുറക്കാൻ കഴിയാത്തതിനാൽ വസ്ത്രങ്ങൾക്കൾക്കുള്ളിൽ പൊടി അടിഞ്ഞ് ഉപയോഗശൂന്യമാകുമോയെന്ന ആശങ്കയും വ്യാപാരികൾ പങ്കുവയ്ക്കുന്നു.
മാസം തോറും മാറും
ഫാഷൻ സങ്കൽപ്പങ്ങൾ
വിഷു, ഈസ്റ്റർ, ഉത്സവ കാലത്തെ ഫാഷൻ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് തയ്യാറാക്കിയ വസ്ത്രങ്ങളാണ് കടകളിൽ വിറ്റഴിക്കപ്പെടാനാകാതെ കിടക്കുന്നത്. അടുത്ത ഓണക്കാലത്ത് ഇതെല്ലാം വിറ്റഴിക്കാമെന്ന പ്രതീക്ഷ വെറുതയൊണ്. അപ്പോഴേക്കും പുതിയ ഫാഷൻ ട്രെൻഡുകളെത്തും. വിഷുക്കാലത്തെ ഫാഷന് ഓണവിപണിയിൽ ആവശ്യക്കാർ കാണില്ല. അതിനാൽ സമയത്ത് വിൽപ്പന നടന്നില്ലെങ്കിൽ ഉണ്ടാകാവുന്ന നഷ്ടം ചെറുതല്ല.
പ്രളയം തുലച്ചു, ഇപ്പോൾ കൊവിഡും
ഓണക്കാലത്തുണ്ടായ പ്രളയം വസ്ത്രവിപണന മേഖലയെ അപ്പാടെ തകർത്തിരുന്നു. കടകളിൽ വിറ്റഴിക്കാതെ കിടന്ന വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലും നിരാലംബർക്കുമായി വിതരണം ചെയ്‌തവരും കുറവല്ല. പ്രളയം വരുത്തിയ സാമ്പത്തിക ബാദ്ധ്യത താങ്ങാനാകാതെ കച്ചടവം നിറുത്തിയവരുമുണ്ട്. പ്രളയ ദുരിതങ്ങൾ മറികടന്ന് പ്രതീക്ഷയോടെ കച്ചവടം നടത്തിയവരെ കൊവിഡ് കാലം പൂർണമായും തകർത്തിരിക്കുകയാണ്.
പ്രത്യേക പാക്കേജ് വേണം:
എൻ.കെ. പ്രേമചന്ദ്രൻ എം.പി
ലോക്ക് ഡൗണിന്റെ ദുരിതം ചെറുകിട വ്യാപാരികളാണ് കൂടുതൽ അനുഭവിക്കുന്നത്. ഇവർക്കായി ആശ്വാസ പദ്ധതികളൊന്നും സർക്കാരുകൾ പ്രഖ്യാപിച്ചിട്ടില്ല. കടകളിലെ സ്റ്റോക്കിലുണ്ടാകുന്ന കേടുപാടുകളും വരുമാന നഷ്‌ടവും വസ്ത്ര മേഖല ഉൾപ്പെടെയുള്ള ചെറുകിട രംഗത്തെ തകർത്തു. ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാൻ സമഗ്രമായ സംയുക്ത പാക്കേജ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പാക്കണം. അവഗണന അവസാനിപ്പിക്കണം.
''
പ്രതീക്ഷിക്കാത്ത നഷ്‌ടമാണ് ഉണ്ടാകുന്നത്. പലിശയ്‌ക്ക് പണമെടുത്താണ് പലരും കച്ചവടം നടത്തുന്നത്. ഈ നഷ്‌ടങ്ങൾ നികത്താനാകുമെന്ന് കരുതുന്നില്ല.
ഡി.എസ്. സൂരജ്,
വസ്ത്രവ്യാപാരി